പുനെയിലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ തീവ്രവാദ വിരുദ്ധ സേന(എ ടി എസ്) അറസ്റ്റുചെയ്തു. ആര്‍ ഡി എക്സ്, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയും ഇവരില്‍ നിന്ന് എ ടി എസ് പിടികൂടി.
ബിലാല്‍ അന്‍സാരി, ഹിമായത് ബെയ്ഗ് എന്നിവരാണ് പിടിയിലായത്. ഒരാളെ പുനെയില്‍ നിന്നും അടുത്തയാളെ നാസിക്കില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ എ ടി എസ് പിന്നീട് അറിയിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ വ്യക്തമാക്കി.
ഫെബ്രുവരി 13നു നടന്ന ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തില്‍ 17 പേരാണ് മരിച്ചത്. 57 പേര്‍ക്ക് പരുക്കേറ്റു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ആദ്യം ഉണ്ടായ വലിയ ആക്രമണമായിരുന്നു പുനെയിലേത്.
ജൂത പ്രാര്‍ത്ഥനാകേന്ദ്രമായ ചബദ് ഹൌസിനും ഓഷോ ആശ്രമത്തിനും സമീപം കൊറിഗോണ്‍ പാര്‍ക്കിലാണ് ജര്‍മ്മന്‍ ബേക്കറി സ്ഥിതി ചെയ്യുന്നത്. വിദേശികളുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടപ്രദേശമായിരുന്നു ഇവിടം.