ന്യൂഡല്‍ഹി, ചൊവ്വ, 7 സെപ്റ്റംബര്‍ 2010( 08:27 IST )
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ചു. ഇന്ന് അര്‍ദ്ധരാത്രിവരെ പണിമുടക്ക് നീളും. രാജ്യ വ്യാപകമായി ആറ് കോടി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങി പതിനൊന്നോളം യൂണിയനുകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഎംഎസ് പണിമുടക്കില്‍ സഹകരിക്കില്ല. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ റയില്‍, വ്യോമ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. എല്ലായിടത്തും തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടിലാണ്.
കേരളത്തില്‍ മലപ്പുറം, കോട്ടയം ജില്ലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. എന്നാല്‍, തിങ്കളാഴ്ച രാത്രി 10 മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തിവച്ച കെഎസ്‌ആര്‍ടിസി ഇന്ന് നിരത്തിലിറങ്ങിയില്ല. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.
തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങളിലാണ് രോഗികളെ മെഡിക്കല്‍ കോളജിലും ആര്‍സിസിയിലും എത്തിക്കുന്നത്. മിക്ക കടകളും അടഞ്ഞുകിടക്കുകയാണെങ്കിലും സംരക്ഷണം നല്‍കുകയാണെങ്കില്‍ കടകള്‍ തുറക്കാമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് കാരണം കേരള സര്‍വ്വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്കും ദേശീയ നിധി രൂപീകരിക്കുക, വിലക്കയറ്റം തടയുക, മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.