ന്യൂഡല്‍ഹി, തിങ്കള്‍, 6 സെപ്റ്റംബര്‍ 2010( 15:15 IST )
PTI
കെട്ടിക്കിടക്കുന്ന ഭക്‍ഷ്യ ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യമായി വിതരണം ചെയ്യണം എന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് തണുത്ത പ്രതികരണം. സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ കോടതി ഇടപെടരുത് എന്ന് സിംഗ് മൃദുവായ ഭാഷയില്‍ അറിയിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 37 ലക്ഷം ആളുകള്‍ക്ക് സൌജന്യമായി ഭക്‍ഷ്യധാന്യം വിതരണം ചെയ്യുന്നത് എങ്ങനെയെന്ന് ചോദിച്ച പ്രധാനമന്ത്രി സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെ കുറിച്ചും സംസാരിച്ചു. ന്യൂഡല്‍ഹിയിലെ വസതിയില്‍ എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ പാവപ്പെട്ടവര്‍ക്കും ഭക്‍ഷ്യധാന്യം സൌജന്യമായി നല്‍കാന്‍ സാധിക്കില്ല. കോടതി വിധി താന്‍ കണ്ടിട്ടില്ല എന്നും എന്നാല്‍ അത്തരമൊരു വിധിക്ക് പിന്നിലെ വികാരത്തെ മാനിക്കുന്നു എന്നും സിംഗ് പറഞ്ഞു. ഭക്‍ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്ന അവസരത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വികരിക്കും.
പാവപ്പെട്ടവര്‍ക്ക് സൌജന്യ നിരക്കില്‍ ഭക്‍ഷ്യ സാധനങ്ങള്‍ ലഭ്യമാക്കണമെന്നതിനെ അംഗീകരിക്കുന്നു. 2004 മുതല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള ഭക്‍ഷ്യ ധാന്യത്തിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ശീതകാല സമ്മേളനത്തിനു മുമ്പ് മന്ത്രിസഭാ പുന:സംഘടന ഉണ്ടാവും. എന്നാല്‍, താന്‍ ഉടന്‍ പ്രധാനമന്ത്രി പദം ഒഴിയുകയാണെന്ന വാര്‍ത്തകള്‍ ശരിയല്ല എന്നും തനിക്കും പാര്‍ട്ടിക്കും ഇടയില്‍ അഭിപ്രായ വ്യത്യാസമൊന്നും ഇല്ല എന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.