ന്യൂഡല്‍ഹി, തിങ്കള്‍, 6 സെപ്റ്റംബര്‍ 2010( 13:14 IST )
PRO
ബോളിവുഡിലെ ‘ചെറിയ വലിയ’ മനുഷ്യരായ എ ആര്‍ റഹ്‌മാനും അമീര്‍ഖാനും സമൂഹിക സൈറ്റായ ഫേസ്ബുക്കിലെ മുടിചൂടാ മന്നന്‍മാരാണ്. ഇവര്‍ക്കാണ് ഇന്ത്യയില്‍ നിന്നുള്ള ഫേസ്ബുക്ക് സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്.
‘സ്ലംഡോഗ് മില്യനയറി’നിലെ ‘ജയ് ഹോ’ എന്ന പശ്ചാത്തല സംഗീതത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച റഹ്‌മാനാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ സെലിബ്രിറ്റി. ആദ്യമായി ഫേസ്ബുക്കില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ ആരാധകരെ ലഭിച്ച ഇന്ത്യന്‍ സെലിബ്രിറ്റിയാണ് റഹ്‌മാന്‍. റഹ്‌മാന് ഇപ്പോള്‍ 1,545,643 ആരാധകരാണ് ഫേസ്ബുക്കിലുള്ളത്.
റഹ്‌മാന് പിന്നാലെ പത്ത് ലക്ഷത്തില്‍ അധികം ആരാധകരെ സ്വന്തമാക്കിയത് ‘ലഗാനി’ലൂടെയും ‘ത്രീ ഇഡിയറ്റ്സി‘ലൂടെയും ‘ഗജിനി’യിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ അമീര്‍ഖാനാണ്. ഫേസ്ബുക്കില്‍ അമീര്‍ഖാന് ഇപ്പോള്‍ 1,010,091 ആരാധകരാണുള്ളത്.
ഇന്ത്യയിലെ മറ്റ് സെലിബ്രിറ്റികളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും (895,487) ഷാരൂഖ് ഖാനും (780,812) സല്‍മാന്‍ ഖാനും (707,705) പ്രിയങ്ക ചോപ്രയും (646,258) റഹ്‌മാനും അമീറിനും വളരെ പിന്നിലാണ്.