ബീഹാറില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി തുടര്‍ന്ന ബന്ദി നാടകത്തിന് അവസാനം. തടവിലാക്കിയിരുന്ന മൂന്ന് പൊലീസുകാരെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെയാണ് പൊലീസുകാരെ വിട്ടയച്ചത് എന്ന് കരുതുന്നു. മൂന്ന് പേരെയും ലഖിസരായ് വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവരെ മോചിപ്പിച്ചു എന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും പൊലീസ് നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്താതിരുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു.
നാലംഗ പൊലീസ് സംഘത്തെയായിരുന്നു മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയിരുന്നത്. ബീഹാര്‍ ജയിലില്‍ കഴിയുന്ന എട്ട് വിമതരെ വിട്ടയയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, മാവോയിസ്റ്റുകള്‍ നല്‍കിയ അന്ത്യശാസന സമയം അവസാനിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്ന് ബന്ദികളാക്കിയ പൊലീസുകാരില്‍ ഒരാളെ വധിച്ചിരുന്നു.
ബന്ദികളില്‍ ഒരാളെ വധിച്ച ശേഷം പൊലീസ് നടത്തിയ തെരച്ചിലില്‍ ബന്ദിനാടകത്തിന്റെ സൂത്രധാരന്‍ അടക്കം രണ്ട് മാവോയിസ്റ്റ് നേതാക്കളെ പിടികൂടിയിരുന്നു. ഇവരെ കൂടാതെ നക്സല്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.