ബന്ദികളാക്കിയ മൂന്ന് പൊലീസുകാരെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം നടന്നിട്ടില്ല.
‘കിഷന്‍ജി’ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വിമത നേതാവ്, വിമതര്‍ ബന്ദിയാക്കിയ അഭയ് പ്രസാദ് യാദവ് എന്ന പൊലീസുകാരന്റെ വീട് സന്ദര്‍ശിച്ചു എന്നും യാദവ് ഉടന്‍ വീട്ടിലെത്തുമെന്ന് പറഞ്ഞു എന്നും ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ട വീഡിയോ ഫൂട്ടേജില്‍ പറയുന്നു. സ്വതന്ത്രരാക്കിയ പൊലീസുകാരെ ബങ്കയ്ക്കും ജാമുയിക്കും അടുത്ത് ബെല്‍ഹര്‍ വനത്തില്‍ എത്തിച്ചു എന്ന് ജാമുയിലെ പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ ബന്ദികളെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബന്ദികളാക്കിയ പൊലീസുകാരെ ഇതുവരെയായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡിജിപി നീല്‍മണിയും ഐജി കെ എസ് ദ്വിവേദിയും വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞത്.
മുംഗര്‍, ജാമുയി, ലഖിസരായ്, ബങ്ക, കൈമുര്‍ എന്നിവിടങ്ങളിലെ പൊലീസ് അധികൃതര്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കി. എന്നാല്‍, ബന്ദികളെ മോചിപ്പിച്ചു എന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.