രുചിക ഗിര്‍ഹോത്ര പീഡന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹരിയാന മുന്‍ ഡിജിപി എസ്പിഎസ് രാത്തോഡ് പരോളിന് വേണ്ടി നല്‍കിയ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി. കൃഷിപ്പണിക്ക് എന്ന വ്യാജേന പരോള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു രാത്തോഡ്.
രാത്തോഡിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാഞ്ച്കുളയിലെ കൃഷിയിടത്തില്‍ കൃഷിപ്പണിയൊന്നും നടത്താനില്ല എന്ന റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ ഹര്‍ജി തള്ളിയത്.
വിചാരണ കോടതി നല്‍കിയ 18 മാസം തടവ് ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ ഡിജിപിയുടെ അഭിഭാഷകയായ ഭാര്യ ആഭ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും ഫലമുണ്ടായില്ല. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി ഈ ആഴ്ച ആദ്യം കോടതി തള്ളിയിരുന്നു.
1990ല്‍ ഹരിയാന ലോണ്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരിക്കെ 14 വയസ്സുള്ള രുചികയെ പീഡിപ്പിച്ചു എന്നതാണ് രാത്തോഡിനെതിരെയുള്ള കേസ്. സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രുചിക ആത്മഹത്യ ചെയ്തു.