തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെയും ലതാ രജനീകാന്തിന്‍റെയും രണ്ടാമത്തെ മകള്‍ സൌന്ദര്യ വിവാഹിതയായി. ബിസിനസുകാരനായ അശ്വിന്‍ രാംകുമാറാണ് സൌന്ദര്യയ്ക്ക് താലിചാര്‍ത്തിയത്. ചെന്നൈയില്‍ റാണി മെയ്യാമൈ ഹാളില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം.
മണിരത്നം, കമലഹാസന്‍, പ്രഭു, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ശ്രീദേവി, ബോണി കപൂര്‍, ഗൌതമി, കെ ബാലചന്ദര്‍, വൈരമുത്തു, സുഹാസിനി, കേന്ദ്ര ആഭ്യന്ത്രമന്ത്രി പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തമിഴ് ബ്രാഹ്‌മണ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. പച്ച നിറത്തിലുള്ള കാഞ്ചീപുരം സാരിയായിരുന്നു സൌന്ദര്യ അണിഞ്ഞിരുന്നത്. ധോത്തിയായിരുന്നു അശ്വിന്‍ രാംകുമാര്‍ ധരിച്ചത്.
ഏറെനേരം നീണ്ടുനിന്ന ചടങ്ങില്‍ നിറഞ്ഞുനിന്നത് രജനീകാന്തിന്‍റെ സാന്നിധ്യമായിരുന്നു. വെള്ളഷര്‍ട്ടും ധോത്തിയുമായിരുന്നു രജനിയുടെ വേഷം. മറ്റൊരു മകളായ ഐശ്വര്യയും ഭര്‍ത്താവ് ധനുഷും വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അതിഥികളെ സ്വീകരിച്ചാനയിക്കാനായി രജനീകാന്ത് ഓടിനടക്കുന്നത് കാണാമായിരുന്നു. ചിരിച്ച മുഖത്തോടെയായിരുന്നു എപ്പോഴും സൌന്ദര്യ. വധൂവരന്‍മാര്‍ക്ക് ബൊക്കെ നല്‍കിയ ബോളിവുഡ് സൌന്ദര്യ റാണി ശ്രീദേവി, രജനീകാന്തിനും ഒരു പൂച്ചെണ്ടു നല്‍കിയത് സദസില്‍ ചിരി പടര്‍ത്തി. നാണം കലര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു രജനിയുടെ മറുപടി. താലി കെട്ടിയതിന് ശേഷം സൌന്ദര്യയുടെ നെറുകയില്‍ ഒരു ചുംബനം നല്‍കാനും അശ്വിന്‍ മറന്നില്ല.