തിരുപ്പതി ക്ഷേത്രത്തിന് 52000 കോടിയുടെ ഇന്‍ഷൂറന്‍സ്
ന്യൂഡല്‍ഹി, വെള്ളി, 3 സെപ്റ്റംബര്‍ 2010( 11:30 IST )
PRO
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിന് 52000 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങളും ക്ഷേത്രവും ഭീമമായ തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്യാന്‍ തിരുമല തിരുപ്പതി ദേവസ്വം ട്രസ്റ്റാണ് തീരുമാനമെടുത്തത്. നിത്യേന 70000 ഭക്തരാണ് തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തുന്നത്. പ്രതിമാസം ഭക്തരുടെ കാണിക്കയായി മാത്രം രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ക്ഷേത്രത്തിലെ വരുമാനം.
ഇതിനു പുറമെയാണ് ദര്‍ശനത്തിനുള്ള ടിക്കറ്റ് വില്‍പ്പനയിലൂടെയും മറ്റുമുള്ള വരുമാനം. ക്ഷേത്രത്തില്‍ 20 ടണ്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലുള്ള അപൂര്‍വ ആഭരണങ്ങലും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം കര്‍ണാടക മന്ത്രി ഗലി ജനാര്‍ദ്ദന റെഡ്ഡി ക്ഷേത്രത്തിലേയ്ക്ക് കാണിക്കയായി നല്‍കിയത് 42 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളാണ്. ഇതുപോലെ നിരവധി ഭക്തര്‍ വന്‍ തുക ദിവസേന കാണിക്കയായി സമര്‍പ്പിക്കുന്നു.
അതേസമയം ക്ഷേത്രത്തെ ഇന്‍ഷൂര്‍ ചെയ്യുന്നത് ട്രസ്റ്റിന് അത്ര എളുപ്പമാവില്ലെന്നാണ് കരുതുന്നത്. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ വജ്രാഭരണങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ വന്‍ തുക പ്രീമിയമായി ആവശ്യപ്പെടാന്‍ ഇടയുണ്ട്. ഇന്‍ഷൂറന്‍സ് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഇന്‍ഷൂര്‍ തുകയുടെ കാര്യത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ എന്‍ ജി സിയെ തിരുപ്പതി ക്ഷേത്രം മറികടക്കും. 26 ബില്യണ്‍ ഡോളറിനാണ് ഒ എന്‍ ജി സി ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്.