പാക് അധീന കശ്മീരിലെ ഗില്‍ഗിത്, ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 11,000 സൈനികരെ വിന്യസിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൈന. ഇന്ത്യയും പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ഗൂഢ ലക്‍ഷ്യങ്ങളുടെ ഭാഗമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ചൈന സൈനികരെ വിന്യസിക്കുന്നുവെന്നു ന്യൂയോര്‍ക്ക് ടൈംസാണു റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ മസൂദ് ഖാനും ഇക്കാര്യം നിഷേധിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേഖലയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു സൈനികരല്ലെന്നും മസൂദ് അറിയിച്ചിരുന്നു.
രാജ്യം സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനു ചൈന വിസ നിഷേധിച്ചിരുന്നു. തര്‍ക്ക ബാധിത പ്രദേശമായ ജമ്മു-കശ്മീരിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനു വിസ അനുവദിക്കാനാവില്ലെന്നായിരുന്നു ചൈനീസ് നിലപാട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.