രാജ്യത്തെ പൊതുവിതരണ സമ്പ്രദായം രണ്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് സുപ്രീംകോടതി. സമ്പന്നര്‍ക്ക് ഭക്‌ഷ്യ സബ്സിഡി നല്കാന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു.
ഗോദൌണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്‌ഷ്യ ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ തുടര്‍ച്ചയാണ് ഈ വിധി. എന്നാല്‍, കെട്ടിക്കിടക്കുന്ന മുഴുവന്‍ ധാന്യങ്ങളും വിതരണം ചെയ്യുക സാധ്യമല്ലെന്ന് വകുപ്പ് മന്ത്രി ശരത് പവാര്‍ പറഞ്ഞിരുന്നു.
ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് മാത്രം പൊതു വിതരണ ആനുകൂല്യം നല്കിയാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ ഇപ്പോഴുള്ള നിര്‍ദ്ദേശം. എ പി എല്‍, ബി പി എല്‍, അന്ത്യോദയ, അന്നയോജന എന്നിവ സംബന്ധിച്ച് കൃത്യമായ കണക്ക് 60 വര്‍ഷമായിട്ടും സര്‍ക്കാരിന്‍റെ പക്കലില്ലേ എന്നും കോടതി ചോദിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ പുതിയ ബി പി എല്‍ സര്‍വേ നടത്തണമെന്നും കോടതി പറഞ്ഞു. എ പി എല്‍ നിലനിര്‍ത്തുകയാണെങ്കില്‍ പൊതുവിതരണ സമ്പ്രദായം വഴിയുള്ള ഭക്‌ഷ്യധാന്യങ്ങള്‍ രണ്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.