കശ്മീരിലെ റോസ് താഴ്വരയിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ 23 കാരനായ നസീര്‍ അഹമ്മദ്, 14 കാരനായ ആദില്‍ ഷേക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മറ്റ് രണ്ടുപേര്‍ സുരക്ഷാഭടന്‍മാരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അക്രമാസക്തരായി പോലീസ് സ്റ്റേഷനിലെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് ലാത്തി ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചെങ്കിലും പോലീസ് പരാജയപ്പെടുകയായിരുന്നു.
ഇവര്‍ സോപ്പോര്‍ ടൌണിനടുത്തുള്ള പോത്ഖാ പോലീസ് പോസ്റ്റ് ആക്രമിച്ച് കൊള്ളയടിക്കുകയും രണ്ട് പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ ശ്രീനഗര്‍-മുസാഫറാബാസ് ഹൈവേകളില്‍ മരച്ചില്ലകളിട്ട് റോഡ് ഗതാഗതം തടയുകയും റെയില്‍വേ സ്റ്റേഷന്‍ കൊള്ളയടിക്കുകയും ചെയ്തു.
പോലീസും അക്രമികളും ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. അക്രമത്തെത്തുടര്‍ന്ന് പ്രദേശത്ത് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.