ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി(ആര്‍ജെഡി)യ്ക്ക് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമായി. വൈക്കോ നേതൃത്വം നല്‍കുന്ന എംഡിഎംകെയ്ക്ക് പ്രാദേശിക പാര്‍ട്ടിയെന്ന അംഗീകാരവും നഷ്ടമായി.
തെരഞ്ഞെടുപ്പില്‍ നിശ്ചിതശതമാനം വോട്ടു ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അംഗീകാരം റദ്ദാക്കിയത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എം ഡി എം കെയ്ക്ക് പ്രാദേശിക പാര്‍ട്ടി പദവി നഷ്ടമായത് കനത്ത തിരിച്ചടിയാണ്.
എം ഡി എം കെയ്ക്ക് പുറമെ ജനതാദള്‍(യു), സമാജ്‌വാദി പാര്‍ട്ടി, പാട്ടാളി മക്കള്‍ കക്ഷി(പി എം കെ), അരുണാചല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കാണ് പ്രാദേശിക പാര്‍ട്ടി പദവി നഷ്ടമായത്. അതേസമയം പി എം കെയ്ക്ക് തമിഴ്നാട്ടിലും സമാജ്‌വാദി പാര്‍ട്ടിയ്ക്ക് ഉത്തര്‍പ്രദേശിലും പ്രാദേശിക പാര്‍ട്ടി നഷ്ടമാകില്ല.
ഏഴു പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാതിരിക്കാന്‍ വിശദീകരണം തേടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസും രാഷ്ട്രീയ മുക്തി മോര്‍ച്ചയും വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.