പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്തോ-പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയെ കുറിച്ച് സിംഗ് ആദ്യമായി പ്രതികരിച്ചത്.
ഖുറേഷി നടത്തിയ പ്രസ്താവനകള്‍ വളരെ നേരത്തെയുള്ളതും അതിരുകള്‍ ലംഘിക്കുന്നതുമാണ്. പ്രസ്താവനകള്‍ ഇന്ത്യയും പാകിസ്ഥാനും എത്തിച്ചേര്‍ന്ന കരാറുകളില്‍ നിന്നുള്ള വ്യതിചനമാണെന്നും അവ ഒഴിവാക്കാമായിരുന്നു എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഭീകരത ലോക സമൂഹത്തിനു നേര്‍ക്കുള്ള ഭീഷണിയാണെന്നും അതിനെ ന്യായീകരിക്കാന്‍ ആവില്ല എന്നും 9/11 ആക്രമണത്തിനു ശേഷം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ മണ്ണ് ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്ന് പാകിസ്ഥാന്‍ അധികൃതര്‍ തനിക്കും തന്റെ മുന്‍ഗാമികള്‍ക്കും നല്‍കിയ വാക്ക് പാലിക്കണം എന്നും സിംഗ് ആവശ്യപ്പെട്ടു. ഖുറേഷി ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കില്ല എന്ന പ്രത്യാശയും സിംഗ് പ്രകടിപ്പിച്ചു.
പാകിസ്ഥാനില്‍ ഭീകര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു. ഭീകര വിരുദ്ധ നടപടികള്‍ സ്വീകരിച്ചാല്‍ പാകിസ്ഥാന് വേണ്ട സഹായം നല്‍കുമെന്നും കാമറൂണ്‍ വ്യക്തമാക്കി.