നിത്യാനന്ദയുടെ ജാമ്യം മണ്ണെണ്ണയില്‍ കുതിരുമോ?

ബാംഗ്ലൂര്‍| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (08:57 IST)
PRO
അമ്പത്തിമൂന്ന് ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ വിവാദ സ്വാമി പരമഹംസന്‍ മണ്ണെണ്ണ വിവാദത്തില്‍ കുടുങ്ങി വീണ്ടും ജയിലിലായേക്കുമെന്ന് സൂചന. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട തന്റെ ആത്മ ശുദ്ധീകരണ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു എന്നതാണ് നിത്യാ‍നന്ദയ്ക്കെതിരെയുള്ള പുതിയ ആരോപണം.

നിത്യാനന്ദന്റെ ‘പഞ്ച തപസ് യോഗയുടെ’ ചിത്രങ്ങള്‍ പുറത്ത് വന്നതാണ് മണ്ണെണ്ണ വിവാദം ഉയര്‍ന്നുവരാന്‍ കാരണമായത്. ബിദാദി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന നിത്യാനന്ദനു ചുറ്റും അഗ്നി വലയം തീര്‍ക്കാന്‍ പാവപ്പെട്ടവര്‍ക്കുള്ള നീല മണ്ണെണ്ണ ഉപയോഗിക്കുന്നത് ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.

പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ 180 ലിറ്റര്‍ നീല മണ്ണെണ്ണ ആശ്രമത്തില്‍ നിന്ന് പിടിച്ചെടുത്തു. ബിപി‌എല്ലുകാര്‍ക്കും പാചകവാതക കണക്ഷനില്ലാത്ത എപി‌എല്ലുകാര്‍ക്കും ലഭ്യമാക്കേണ്ട നീലമണ്ണെണ്ണ അനധികൃതമായി കൈവശം വച്ചതിന് അവശ്യസാധന നിയമത്തിന്റെ ആറും ഏഴും വകുപ്പുകള്‍ അനുസരിച്ച് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തു. ഏഴ് വര്‍ഷം കഠിന തടവിനു പുറമെ പിഴയും ഒടുക്കേണ്ടി വരുന്ന കുറ്റമാണ് ഇപ്പോള്‍ നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നീല മണ്ണെണ്ണ ഉപയോഗിച്ചു എന്ന ആരോപണം ആശ്രമെത്തെ പ്രതിക്കൂട്ടിലാക്കാനായി കരുതിക്കൂട്ടിയുള്ളതാണെന്ന് ആശ്രമാധികൃതര്‍ പറയുന്നു. അതേസമയം, ആത്മശുദ്ധീകരണ ചടങ്ങിന് ഇനിമുതല്‍ കര്‍പ്പൂരം ഉപയോഗിക്കാന്‍ തീരുമാനമായതായി ചില ആശ്രമവൃത്തങ്ങള്‍ സൂചിപ്പിച്ചു.

തമിഴ്നടി രഞ്ജിതയുമൊത്തുള്ള അശ്ലീല ടേപ്പുകള്‍ പുറത്തുവന്നതോടെ ഒളിവിലായിരുന്ന നിത്യാനന്ദയെ ഏപ്രില്‍ 21 ന് ഹിമാചലിലാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 12 ന് ആണ് വിവാദ സ്വാമിക്ക് ഉപാധികളോടെയുള്ള ജാമ്യം ലഭിച്ചത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനകേസുകളാണ് നിത്യാനന്ദയ്ക്കെതിരെയുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :