മന്ത്രിയുടെ മൂന്നാം ഭാര്യയുടെ മരണം വിവാദത്തില്‍

പനജി| WEBDUNIA|
ഗോവന്‍ മന്ത്രി തന്‍റെ മൂന്നാം ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍. ഗോവയുടെ ടൂറിസം മന്ത്രി മൈക്കി പച്കോയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. 28കാരിയായ തന്‍റെ മൂന്നാം ഭാര്യയുടെ മരണവുമായി മന്ത്രിക്ക് പങ്കുണ്ടെന്നാണ് സംഘടനകളും പ്രതിപക്ഷവും ആരോപിക്കുന്നത്.

മന്ത്രിയുടെ മൂന്നാം ഭാര്യയായ ടൊറീഡോ എലിവിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്. ചെന്നൈയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 15ന് ടൊറീഡോയെ ഗുരുതരാവസ്ഥയില്‍ ആദ്യം ഗോവയിലെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈയിലേക്കും ശേഷം ചെന്നൈയിലേക്കും അവരെ കൊണ്ടുപോകുകയായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ മേയ് 30ന് മരണം സംഭവിച്ചു.

ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനിതാ അവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മര്‍ദ്ദം ഏറിയപ്പോള്‍ ടൊറീഡോയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പൊലീസ് തയ്യാറായി. മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഈ കേസിനെപ്പറ്റി അന്വേഷിക്കണമെന്നാണ് വനിതാസംഘടനകളുടെ ആവശ്യം.

പ്രതിപക്ഷനേതാവ് മനോഹര്‍ പരീക്കറും ഈ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ നിഷേധിച്ചതും ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് തുടര്‍ച്ചയായി മാറ്റപ്പെട്ടതുമാണ് ടൊറീഡോയുടെ മരണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മന്ത്രി പച്കോയ്ക്കെതിരെ ബഹുഭാര്യാത്വത്തിന് ആദ്യഭാര്യ നല്‍കിയ കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :