അഫ്സല്‍ ഗുരു: സുപ്രീംകോടതി ഇടപെടില്ല

ന്യൂഡല്‍ഹി| WEBDUNIA|
തന്റെ ദയാഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഹര്‍ജി തള്ളുകയാണെങ്കില്‍ വധശിക്ഷ വേഗത്തിലാക്കണമെന്നും ചൂണ്ടിക്കാട്ടി അഫ്സല്‍ഗുരു അയച്ച കത്ത് സുപ്രീംകോടതി പരിഗണിക്കില്ല, ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് കോടതിയുടെ നിലപാട്.

വധശിക്ഷയ്ക്കെതിരെ പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ പ്രതി അഫ്സല്‍‌ഗുരു സമര്‍പ്പിച്ച പരാതികളിലെല്ലാം സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍, നിലവില്‍ കോടതിക്കു മുന്നില്‍ അഫ്സലിന്റെ പരാതികളൊന്നും ഇല്ല.

ഇനിയും ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് അനന്തമായി നീളുകയാണെങ്കില്‍ തന്നെ ജമ്മു കശ്മീരിലെ ഏതെങ്കിലും ജയിലേക്ക് മാറ്റണമെന്നും വധശിക്ഷ നല്‍കുന്നതിനൊപ്പം ഏകാന്തതടവ് കൂടി അനുഭവിക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറഞ്ഞിരുന്നു.

2003 ല്‍ വധശിക്ഷയ്ക്ക് വിധിച്ചതു മുതല്‍ തിഹാര്‍ ജയിലില്‍ ഏകാന്ത തടവിലാണ് അഫ്സല്‍ ഗുരു. 2006 ജനുവരിയിലാണ് അഫ്സല്‍ ഗുരുവിനു വേണ്ടി ഭാര്യ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :