വിമാനാപകടം: മൃതദേഹങ്ങള്‍ ഇന്നു സംസ്കരിക്കും

മംഗലാപുരം| WEBDUNIA|
PRO
മംഗലാപുരം ബാജ്പേ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും. 22 മൃതദേഹങ്ങളുടെ ഡി‌എന്‍‌എ പരിശോധന നടത്തിയെങ്കിലും 12 എണ്ണം തിരിച്ചറിയാന്‍ സാധിച്ചില്ല.

12 മൃതദേഹങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഛിന്നഭിന്നമായിരുന്നു. ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ പരിശോധനാ വിധേയമാക്കിയെങ്കിലും മൃതദേഹങ്ങളൊന്നും തിരിച്ചറിയാന്‍ സാധിച്ചില്ല.

2005 ലെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കുക. പ്രത്യേക മതാചാരമൊന്നും പാലിക്കാതെയാവും ഇത്. എന്നാല്‍, അഞ്ച് മിനിറ്റു നേരം ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങളുടെ പ്രാര്‍ത്ഥന നടത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക.

യാത്രാരേഖകള്‍ അനുസരിച്ച്, തിരിച്ചറിയാന്‍ സാധിക്കാത്ത 12 മൃതദേഹങ്ങളില്‍ ഏഴെണ്ണം മുസ്ലീം സമുദായത്തില്‍ പെട്ടവരുടെയും നാലെണ്ണം ഹിന്ദു സമുദായത്തില്‍ പെട്ടവരുടെയും ഒരെണ്ണം ക്രിസ്ത്യന്‍ സമുദായാംഗത്തിന്റെതുമാണ്.

മംഗലാപുരം വിമാന ദുരന്തത്തില്‍ 158 ആളുകളാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :