ഹെ‌ഡ്‌ലി: ഇന്ത്യന്‍ അന്വേഷണ സംഘം യു‌എസില്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (12:31 IST)
PRO
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ച ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെ‌ഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷക സംഘം അമേരിക്കയിലെത്തി. എഫ്‌ബിഐ കസ്റ്റഡിയിലെടുത്ത ഹെ‌ഡ്‌ലിയെ ആദ്യമായാണ് ഇന്ത്യന്‍ അന്വേഷക സംഘം ചോദ്യം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനും ഒരു നിയമവിദഗ്ധനും അടങ്ങുന്ന നാലംഗ സംഘമാണ് ചോദ്യം ചെയ്യലിനായി വാഷിംഗ്ടണിലെത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് ലഷ്കര്‍ ബന്ധത്തിന്‍റെ പേരില്‍ ഹെ‌ഡ്‌ലിയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്യലിനിടെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ഹെ‌ഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ സംഘം നേരത്തെയും യു‌എസിലെത്തിയിരുന്നെങ്കിലും നിയമക്കുരുക്കിന്‍റെ പേരില്‍ അമേരിക്ക ചോദ്യം ചെയ്യലിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചത്.

ഹെഡ്‌ലിയുടെ ചോദ്യം ചെയ്യല്‍ മുംബൈ ഭീകരാക്രമണം സംബന്ധിച്ച തുടര്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുംബൈ ആക്രമണത്തിന്‍റെ ആസൂത്രണം കൂ‍ടുതല്‍ വെളിച്ചത്ത് കൊണ്ടുവരാനും സംഭവത്തില്‍ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ചോദ്യം ചെയ്യല്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

മുംബൈ ആക്രമണത്തിന് മുമ്പ് ഹെ‌ഡ്‌ലി ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായി നേരത്തെ വ്യക്തമായിരുന്നു. എവിടെയാണ് ഇയാള്‍ തങ്ങിയതെന്നും ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നുമായിരിക്കും അന്വേഷണസംഘം പ്രധാനമായും ആരായുക.

എന്നാല്‍ അന്വേഷക സംഘത്തിന് എത്ര നേരം ഹെ‌ഡ്‌ലിയെ ചോദ്യം ചെയ്യാനാകുമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഹെ‌ഡ്‌ലിയുടെ അഭിഭാഷകന്‍റെയും ഒരു എഫ്ബിഐ ഉദ്യോഗസ്ഥന്‍റെയും സാന്നിധ്യത്തിലായിരിക്കും ഇന്ത്യന്‍ അന്വേഷകര്‍ ചോദ്യം ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :