റയില്‍‌വെ സുരക്ഷ ശക്തമാക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 29 മെയ് 2010 (08:36 IST)
PRO
PRO
ജ്ഞാനേശ്വരി എക്സ്പ്രസിനു നേര്‍ക്ക് പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് റയില്‍‌വെ നക്സല്‍ ബാധിത സംസ്ഥാനങ്ങളിലൂടെയുള്ള സര്‍വീസുകള്‍ക്ക് ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിമതര്‍ നടത്തിയ സ്ഫോടനത്തില്‍ ട്രെയിന്‍ പാളം തെറ്റി 78 പേര്‍ മരിച്ചിരുന്നു.

നക്സല്‍ ഭീഷണിയുള്ള ഒറീസ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങിയ മേഖലകളിലൂടെയുള്ള രാത്രികാല സര്‍വീസുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് എഞ്ചിന്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മതിയായ സുരക്ഷ നല്‍കിയില്ല എങ്കില്‍ രാത്രികാല സര്‍വീസുകളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും എഞ്ചിന്‍ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ട്രെയിനുകള്‍ക്ക് നേരെ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാലങ്ങളില്‍ വിമത ശല്യമുള്ള മേഖലകളില്‍ പട്രോളിംഗ് ശക്തമാക്കി അപകടമൊഴിവാക്കാനാണ് റയില്‍‌വെയുടെ തീരുമാനം.

വെള്ളിയാഴ്ച വെളുപ്പിന് 1:30 ന് ഝാര്‍ഗ്രാമില്‍ വച്ചായിരുന്നു ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്സ് എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റിയത്. ട്രെയിനിന്റെ 13 ബോഗികള്‍ പാളംതെറ്റി. അഞ്ച് ബോഗികള്‍ അടുത്ത ട്രാക്കിലൂടെ വന്ന ചരക്ക് തീവണ്ടിക്കു മുന്നില്‍പ്പെട്ടതാ‍ണ് അപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത്. എസ് 5 സ്ലീപ്പര്‍ കോച്ചിനാണ് ഏറ്റവും കൂടുതല്‍ കേടുപാടു പറ്റിയത്. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :