ട്രാക്കില്‍ സ്ഫോടനം: 50 മരണം

കൊല്‍ക്കത്ത| WEBDUNIA|
പശ്ചിമ ബംഗാളിലെ പടിഞ്ഞാ‍റന്‍ മിഡ്നാപ്പൂര്‍ ജില്ലയില്‍ റയില്‍‌വെ ട്രാക്കില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 50 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 150 പേര്‍ക്ക് പരുക്ക് പറ്റി.

വെള്ളിയാഴ്ച വെളുപ്പിന് സര്‍ദിഹയ്ക്കും ഖേമാസുലിക്കും ഇടയിലുള്ള റയില്‍‌വെ ട്രാക്കാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്. പരുക്കേറ്റവരില്‍ 45 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൌറ-കുര്‍ള ലോകമാന്യ തിലക് ജ്ഞാനേശ്വരി ഡീലക്സ് എക്സ്പ്രസിന്റെ 13 ബോഗികള്‍ സ്ഫോടനത്തെ തുടര്‍ന്ന് പാളം തെറ്റി ഇതില്‍ അഞ്ച് ബോഗികള്‍ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിക്ക് മുന്നില്‍ പെട്ടു.

10 സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്, പാണ്ട്രി കാര്‍ എന്നിവയാണ് പാളം തെറ്റിയത്. എന്നാല്‍, അപകടം നടന്ന് മൂന്നര മണിക്കൂറിനു ശേഷമാണ് സഹായമെത്തിച്ചത് എന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

റയില്‍‌വെ മന്ത്രി മമത ബാനര്‍ജി അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂ‍പ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :