ലൈല ശക്തിപ്പെട്ടു; തമിഴ്നാട്ടില്‍ കനത്തമഴ

ചെന്നൈ| WEBDUNIA| Last Modified ബുധന്‍, 19 മെയ് 2010 (11:54 IST)
PRO
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തു. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയുടെ വടക്ക് കിഴക്കന്‍ തീരത്തു നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് ലൈലയുടെ ഇപ്പോഴത്തെ സ്ഥാനം. കൊടുങ്കാറ്റ് നാളെ ആന്ധ്ര തീരം കടക്കുമെന്നാണ് കണക്കുകൂട്ടല്‍. നാളെ രാവിലെ 5:30 ഓടെ ചെന്നൈയുടെ കിഴക്കന്‍ തീരത്ത് എത്തുന്ന കൊടുങ്കാറ്റ് നഗരത്തിലും തമിഴ് നാട്ടിലെ മിക്കജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്ന കൊടുങ്കാറ്റ് വടക്ക്, വടക്ക് പടിഞ്ഞാറ് ദിസയിലായിരിക്കും വീശിയടിക്കുക. ഓംഗോളിനും വിശാഖപട്ടണത്തിനും മധ്യേയുള്ള തീരം കടന്ന് ലൈല നാളെ രാവിലെ തമിഴ്നാട്ടിലെത്തുമെന്നാണ് പ്രവചനം.

കലിംഗപട്ടണം, ഗംഗാവാരം, കാക്കിനഡ, വിശാഖപട്ടണം, മച്ചിലിപട്ടണം എന്നീ ആന്ധ്ര തുറമുഖങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തീവ്രതയിലുള്ള ഏഴാം നമ്പര്‍ മുന്നറിയിപ്പ് സൂചനയാണ് നല്‍കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :