‘ലൈല’ തീരത്തോടടുക്കുന്നു; ജാഗ്രതാ നിര്‍‌ദേശം!

ചെന്നൈ| WEBDUNIA|
PRO
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതോടെ തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുന്നത്.

ഇന്ന് രാത്രിയോടെ തീരത്ത് 65-75 കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നും മീന്‍പ്പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. കത്തിരി ചൂടില്‍ വെന്തുരുകിയ തമിഴകത്തിന് മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്തകാറ്റും ആശ്വാസമായി.

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ലൈല ചുഴലിക്കാറ്റിന്‍റെ പ്രഭാവം കാലവര്‍ഷം വൈകിപ്പിച്ചേക്കുമെന്നും ഭീതിയുണ്ട്.

കഴിഞ്ഞ വര്‍ഷം ഒറീസ തീരത്ത് ആഞ്ഞടിച്ച ഐല ചുഴലിക്കാറ്റിനെയും മഴയെയും തുടര്‍ന്ന് അന്തരീക്ഷ ഈര്‍പ്പം മുഴുവന്‍ നഷ്ടമാവുകയും കാലവര്‍ഷത്തിന്‍റെ വരവ് വൈകിക്കാന്‍ ഇത് ഇടയാക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :