ജീവന്‍ അപകടത്തിലാണെന്ന് നളിനി

WEBDUNIA|
ജയില്‍ അധികൃതര്‍ തന്നെ ശല്യപ്പെടുത്തുന്നു എന്നു പറഞ്ഞതിനു പിന്നാലെ തന്റെ ജീവന്‍ അപകടത്തിലാണെന്നും രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി വെള്ളൂര്‍ ജയില്‍ എഡിജിപിയെ അറിയിച്ചു. ജയില്‍ അധികൃതര്‍ തന്നെ സ്ഥിരമായി കൈയ്യേറ്റം ചെയ്യുന്നുണ്ട് എന്നും നളിനി എഡിജിപി ശ്യാംസുന്ദറിനു എഴുതിയ കത്തില്‍ പറയുന്നു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി തന്നെ കൊല്ലാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുന്നു എന്നും അനാവശ്യമായി തന്നെ മര്‍ദ്ദനത്തിന് ഇരയാക്കുന്നു എന്നുമാണ് നളിനിയുടെ പരാതി. തന്റെ ജയിലറ വൃത്തിയാക്കിയിട്ട് ദിവസങ്ങളായെന്നും മറ്റൊരു കത്തില്‍ നളിനി പറയുന്നു. മുമ്പ് തന്റെ ജയിലറയില്‍ നിന്ന് മൊബൈല്‍ കണ്ടെടുത്തതുപോലെ മറ്റെന്തെങ്കിലും ‘കണ്ടെടുക്കാനാണ്’ ജയിലറ വൃത്തിയാക്കാത്തത് എന്ന് സംശയിക്കുന്നതായും നളിനിയുടെ കത്തില്‍ പറയുന്നുണ്ട്.

ജയിലധികൃതര്‍ തന്നെ ശല്യപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് നളിനി ശ്യാംസുന്ദറിനു കത്തെഴുതിയത്. ശ്രീലങ്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി നളിനി ടെലഫോണ്‍ സംഭാഷണം നടത്തിയതായി മെയ് 10 ന് സര്‍ക്കാര്‍ തമിഴ്നാട് നിയമസഭയെ അറിയിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പേ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജി അടുത്തകാലത്താണ് മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :