ജയ്‌റാം രമേശ് രാജി സന്നദ്ധത പ്രകടിപ്പിച്ചു?

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയുടെ ചൈന നയത്തിനെ ബീജിംഗില്‍ വച്ച് വിമര്‍ശിച്ച ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് രമേശ് തിങ്കളാഴ്ച പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. എന്നാല്‍ ജയറാം രമേശിന്‍റെ രാജി വാഗ്ദാനം തള്ളിക്കളഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രിയും യുപി‌എ അധ്യക്ഷ ഗാന്ധിയും ചര്‍ച്ച ചെയ്തുവെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. രാജിസന്നദ്ധത പ്രകടിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളോട് പരിസ്ഥിതിമന്ത്രിയുടെ ഓഫീസും പ്രതികരിച്ചിട്ടില്ല.

ഇന്ന് വൈകിട്ട് ചേരുന്ന കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും എന്നാണ് സൂചന. വിദേശ മണ്ണില്‍ വച്ച് സ്വന്തം രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ രമേശിന്റെ നടപടിക്ക് പിന്തുണ നല്‍കേണ്ടതില്ല എന്നാണ് മിക്ക നേതാക്കളുടെയും തീരുമാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നടത്തിയ ചൈന സന്ദര്‍ശനത്തിലാണ് ജയ്‌റാം രമേശ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ ചൈന കമ്പനികളെ അനാവശ്യമായി ഭയപ്പെടുന്നു എന്നും ചൈനയുടെ നിക്ഷേപങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത് എന്നും മന്ത്രി ബീജിംഗില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലത്തിന്റെ നയങ്ങളില്‍ മാറ്റം ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യം ആഭ്യന്തരമന്ത്രി പി ചിദംബരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതെതുടര്‍ന്ന് ജയ്‌റാം രമേശിനെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് വിളിച്ചുവരുത്തി താക്കീത് നല്‍കുകയുംചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :