നിഥാരി കേസ്: കോലിക്ക് വധശിക്ഷ

ഗാസിയാബാദ്| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (15:01 IST)
നിഥാരിയില്‍ ഏഴുവയസുകാരി ആര്‍തിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുരേന്ദര്‍ കോലിക്ക് കോടതി വിധിച്ചു. ഗാസിയാബാദിലെ പ്രത്യേക സി ബി ഐ കോടതിയാണ് കോലിക്ക് വധശിക്ഷ വിധിച്ചത്. കേസില്‍ കോലി കുറ്റക്കാരനെന്ന് കഴിഞ്ഞ ആഴ്ച പ്രത്യേക ജഡ്ജി എ കെ സിംഗ് കണ്ടെത്തിയിരുന്നു.

നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോലിക്ക് ലഭിക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. നേരത്തെ റിം‌പാ ഹാല്‍ദാര്‍ കേസിലും കോലിക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ കോലിയുടെ മുതലാളിയും കേസിലെ മറ്റൊരു പ്രതിയുമായിരുന്ന മൊഹീന്ദര്‍ സിംഗ് പാന്ഥെറിനും വധശിക്ഷ നല്‍കിയിരുന്നെങ്കിലും അലഹബാദ് ഹൈക്കോടതി പിന്നീട് ഇയാളെ വെറുതെ വിട്ടിരുന്നു.

അതേസമയം മൊഹീന്ദര്‍ ശിക്ഷ കൂ‍ടാതെ രക്ഷപെട്ടാല്‍ ഉത്തരവാദികള്‍ സിബിഐ ആയിരിക്കുമെന്ന് ആരോപിച്ച് നിഥാരി നിവാസികള്‍ ഇപ്പോഴും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൊഹീന്ദറിന്‍റെ നിഥാരിയിലെ വീടിന് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2006 ജൂണില്‍ കാണാതായ ആര്‍തിയുടെ മൃതദേഹം ഏതാനും മാസങ്ങള്‍ക്കു ശേഷം നിതാരിയില്‍ പാന്ഥറുടെ ബംഗ്ലാവിന് സമീപത്തെ ഓടയില്‍ നിന്നാണ് കണ്ടെത്തയത്. കോലി മാത്രമാണ് ഈ കേസിലെ പ്രതി.

ഉത്തര്‍ പ്രദേശിലെ നിഥാരി ഗ്രാമത്തില്‍ 2006ല്‍ ആണ് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. സംഭവം അന്വേഷിച്ച ലോക്കല്‍ പൊലീസില്‍ നിന്ന് പിന്നീട് കേസ് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. വീട്ടുവേലക്കാരനായിരുന്ന കോലിയോടൊപ്പം ചേര്‍ന്ന് പാന്ഥറാണ് ബലാല്‍സംഗവും കൊലപാതകങ്ങളും നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :