നിത്യാനന്ദന്‍റെ ആശ്രമത്തില്‍ ചോളം നടുന്നു!

ബാംഗ്ലൂര്‍| WEBDUNIA|
PRO
ലൈംഗികകേളി വീഡിയോ വിവാദത്തില്‍ പെട്ട് ജയിലില്‍ കഴിയുന്ന പരമഹംസരുടെ ബിഡുദിയിലുള്ള ധ്യാനപീഠ ആശ്രമം ചോളപ്പാടമാകുന്നു. നിത്യാനന്ദന്‍റെ ആശ്രമം സ്ഥിതി ചെയ്യുന്ന കൃഷിയിടം കാര്‍ഷികവൃത്തിക്കായിട്ടാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് സര്‍ക്കാരിനെ കാണിക്കാനായിട്ടാണ് ഈ അടവെന്ന് ആരോപണമുണ്ട്.

ആശ്രമം നില്‍‌ക്കുന്ന ഭൂമിയുടെ പട്ടയം പരിശോധിച്ച റവന്യൂ വകുപ്പ് അധികൃതര്‍ ആശ്രമം നില്‍ക്കുന്ന ഇടം കാര്‍ഷികഭൂമിയാണെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കേണ്ട ഇടം അനധികൃതമായി കൈവശം വയ്ക്കുകയും ആശ്രമം കെട്ടുകയും ചെയ്തതിന് ധ്യാനപീഠത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആശ്രമം നില്‍‌ക്കുന്ന സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

കാര്‍ഷികഭൂമി മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെങ്കില്‍ റവന്യൂ വകുപ്പിന്‍റെ മുന്‍‌കൂട്ടിയുള്ള അനുമതി വാങ്ങേണ്ടതുണ്ട്. അത് ചെയ്യാതെയാണ് കൊട്ടാരസദൃശമായ ആശ്രമം കെട്ടിയുണ്ടാക്കിയിരിക്കുന്നത്. ധ്യാനപീഠം അധികൃതര്‍ നടത്തിയ ഈ നിയമലംഘനത്തിനെതിരെ കര്‍ണാടക വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും മറുപടി നല്‍കുകയുണ്ടായില്ല.

മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശ്രമം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ റവന്യൂ വകുപ്പിനോടും പൊലീസിനോടും ആവശ്യപ്പെടുകയായിരുന്നു. ഈ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് പൊടുന്നനെ ധ്യാനപീഠത്തിന്‍റെ ഒരു ഭാഗം ചോളപ്പാടം ആയി മാറിയിരിക്കുന്നത്.

ആശ്രമത്തില്‍ തങ്ങുന്ന സന്യാസിമാരും പുറമെ നിന്ന് വന്ന കര്‍ഷകരും ചേര്‍ന്നാണ് ആശ്രമത്തിന്‍റെ ഒരു ഭാഗം ഉഴുതുമറിച്ച് ചോളം നട്ടിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ആശ്രമം ഏറ്റെടുക്കുന്നത് ഇനിയും വൈകിച്ചാല്‍ ആശ്രമം നില്‍ക്കുന്ന ഇടം മുഴുവന്‍ ചോളപ്പാടമായി മാറുമെന്ന് പരിസരവാസികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :