കുട്ടികളുടെ അശ്ലീലചിത്രം; കേണല്‍ അറസ്റ്റില്‍

മുംബൈ| WEBDUNIA|
PRO
കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ച് ആസ്വദിക്കുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ലഫ്റ്റനന്റ് കേണലിനെ മുംബൈ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. ഇന്ത്യന്‍ സേനയുടെ കൊളാബയിലുള്ള ‘വിതരണ - ഗതാഗത’ വിഭാഗത്തില്‍ ജോലിനോക്കുന്ന ജഗ്‌ മോഹന്‍ ബല്‍ബീര്‍ സിംഗാണ് പിടിയിലായത്.

മൂന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആസ്വദിക്കലായിരുന്നു കേണലിന്റെ വിനോദമെന്ന് കരുതപ്പെടുന്നു. സ്വദേശികളും വിദേശികളുമായ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും സൈബര്‍ സെല്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങള്‍ ചില സൈറ്റുകളില്‍ പോസ്റ്റുചെയ്യുന്ന ശീലമാണ് രതിവൈകൃതത്തിന് അടിമയായ കേണലിനെ കുടുക്കിയത്. ഇയാള്‍ പോസ്റ്റുചെയ്തിരുന്ന നഗ്നചിത്രങ്ങള്‍ ജര്‍മന്‍ ഫെഡറല്‍ ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജര്‍മന്‍ ഫെഡറല്‍ ബ്യൂറോ ഈ വിവരം ഉടന്‍‌തന്നെ, ഇന്റര്‍പോളിനെ അറിയിച്ചു.

ഇന്റര്‍പോള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സിബിഐ ജാഗരൂകരായി. ഇന്റര്‍പൊളിന്റെ വിവരങ്ങള്‍ സത്യമാണെന്ന് കണ്ടത്തിയതോടെ കേണലിനെ കുടുക്കാനുള്ള നിര്‍‌ദേശം മുംബൈ ക്രൈംബ്രാഞ്ചിനും മുംബൈ സൈബര്‍ സെല്ലിനും ലഭിച്ചു. കമ്പ്യൂട്ടറിന്റെ ഐപി ട്രേസുചെയ്താണ് കേണലിനെ പറ്റിയുള്ള വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചത്.

മെയ് 12 വരെ കേണലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവര സാങ്കേതികവിദ്യാ നിയമത്തിന് കീഴിലുള്ള സെക്ഷന്‍ 67(ബി) (ചൈല്‍ഡ് പോണോഗ്രഫി) അനുശാസിക്കുന്നത് അനുസരിച്ച് ഗൌരവതരമായ കുറ്റമാണ് കേണല്‍ ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :