ഗവര്‍ണര്‍മാരെ ഇഷ്ടമനുസരിച്ച് മാറ്റാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് അനുസൃതമായി ഗര്‍വര്‍ണമാരെ സ്വേച്ഛാപരമായി മാറ്റുന്നതിനോട് സുപ്രീംകോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.

സ്വഭാവദൂഷ്യമോ അഴിമതികളോ പോലെയുള്ള ശക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഗവര്‍ണര്‍മാരെ മാറ്റാവൂ. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അനഭിമതരായതിന്റെ പേരില്‍ ഗവര്‍ണര്‍മാരെ മാറ്റാനാവില്ല, ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ നയിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.

എന്‍ഡി‌എ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, യുപി‌എ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം യുപി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ രാഷ്ട്രപതി നീക്കിയതിനെതിരെ 2004 ല്‍ ബിജെപി എം‌പി ബിപി സിംഗാള്‍ നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി ഈ സുപ്രധാന വിധി പ്രസ്താ‍വിച്ചത്. പരാതിക്കാരനു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയാണ് ഹാജരായത്.

ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിനും സര്‍ക്കാരിനും ഇടയില്‍ ഒരു പാലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ കേന്ദ്രത്തിന്റെ അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഗവര്‍ണര്‍മാര്‍ക്ക് കൈക്കൊള്ളാനാവില്ലെന്നും സര്‍ക്കാരിനു വേണ്ടി നടത്തിയ വാദത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഗവര്‍ണര്‍മാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫുട്ബോളാക്കി മാറ്റുന്നത് നിര്‍ത്തണമെന്നായിരുന്നു സൊറാബ്ജി വാദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :