അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി എവിടെ?

മുംബൈ| WEBDUNIA|
കസബിന് വധശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍, പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കല്‍ വീണ്ടും ചര്‍ച്ചാവിഷയമാവുന്നു. അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി അവസാന പരിഗണനയ്ക്കായി രാഷ്ട്രപതിയുടെ മേശപ്പുറത്ത് എത്തിയിട്ടില്ല എന്നാണ് രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

രേഖകള്‍ അനുസരിച്ച്, അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതായത്, രാഷ്ട്രപതിക്ക് ലഭിക്കുന്ന ദയാ ഹര്‍ജി ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായത്തിനായി അയയ്ക്കുന്നു. ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജിക്കുമേല്‍ നിര്‍ദ്ദിഷ്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടും. അതിനു ശേഷം മന്ത്രാലയത്തിന്റെ അഭിപ്രാ‍യം രേഖപ്പെടുത്തി രാഷ്ട്രപതിക്ക് മടക്കുന്നു.

ഇത്തരത്തില്‍ എത്തുന്ന ഓരോ ദയാഹര്‍ജിയിലും രാഷ്ട്രപതി പ്രത്യേകം തീരുമാനമെടുക്കും. എന്നാല്‍, നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് രാഷ്ട്രപതിക്ക് മേല്‍ ഭരണഘടനാപരമായ സമ്മര്‍ദ്ദമൊന്നുമില്ല. അതായത്, രാഷ്ട്രപതി ദയാഹര്‍ജിക്കുമേല്‍ എപ്പോള്‍ തീരുമാനമെടുക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ല എന്നും രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നിലവില്‍, രാഷ്ട്രപതിയുടെ തീരുമാനം കാത്തുകിടക്കുന്നത് 25 ദയാഹര്‍ജികളാണ്. അഫ്സലിന്റെയും കര്‍ണാടകത്തില്‍ നിന്നുള്ള ബന്ധു തിഡഗെയുടെയും ദയാ ഹര്‍ജികള്‍ ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

വിചാരണ കോടതി 2002 ഡിസംബര്‍ 18 ന് അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചു. 2003 ഒക്ടോബര്‍ 23 ന് ഹൈക്കോടതി ഇത് ശരിവച്ചു. 2005 ഓഗസ്റ്റ് 4 ന് സുപ്രീംകോടതിയും അഫ്സലിന്റെ ശിക്ഷാവിധി ശരിവച്ചു. ഗുരുവിന്റെ കുടുംബത്തിനു വേണ്ടി 2006 ജനുവരിയിലാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :