ഉത്തരംമുട്ടിച്ച വിദ്യാര്‍ത്ഥിനിക്ക് ചിദംബരത്തിന്‍റെ വക ക്ഷണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ചോദ്യങ്ങള്‍ കൊണ്ട് തന്നെ ഉത്തരം മുട്ടിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്‍റെ വക കുടിക്കാന്‍ ക്ഷണം. ഡല്‍ഹിയിലെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ ഇന്നലെ രാത്രിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നക്സലിസത്തെക്കുറിച്ച് എന്‍ എസ് യു ഐ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പ്രസംഗിക്കാനായാണ് ചിദംബരം ജെ എന്‍ യുവിലെത്തിയത്.

ചിദംബരം തന്‍റെ പ്രസംഗം പുര്‍ത്തിയാക്കാറായപ്പോഴാണ് യൂണിവേഴ്സിറ്റിയില്‍ എക്കണോമിക്സ് ഡോക്ടറേറ്റിന് പഠിക്കുന്ന ചോദ്യവുമായി എഴുന്നേറ്റത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചായിരുന്നു വിഭ ചിദംബരത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. ആദ്യമൊന്നും ഇത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും വിഭ ഉച്ചത്തില്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. കൂട്ടുകാരും പിന്തുണച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു.

എന്നാല്‍ ബഹളം തുടര്‍ന്ന വിഭ ഒടുവില്‍ ചിദംബരത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുക തന്നെ ചെയ്തു. ആരാണ് ആ പെണ്‍കുട്ടിയെന്ന് ചിദംബരം മൈക്കിലൂടെ വിളിച്ചു ചോദിച്ചു. അവരോട് അടുത്ത് വരാന്‍ പറയൂ എന്നും ചിദംബരം ആവശ്യപ്പെട്ടു. എന്തിനാണ് അവരെ പിടിച്ചു വലിക്കുന്നതെന്ന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് അരിശത്തോടെ ചോദിച്ചു. നിങ്ങള്‍ അവിടെ പോയിരിക്ക് അവര്‍ക്ക് ചോദിക്കാനുള്ളത് ചോദിക്കട്ടെ എന്ന് ചിദമബരം പറഞ്ഞതും വിഭ ചോദ്യങ്ങള്‍ ആരംഭിച്ചു.

മണിപ്പൂരില്‍ സുരക്ഷാ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം തുടരുന്നതെന്തിനാണെന്നും ഗാന്ധിമാര്‍ഗത്തില്‍ പ്രതിഷേധിച്ച ഇറോം ഷര്‍മിളയെ പീഡിപ്പിച്ചതെന്തിനാണെന്നുമായിരുന്നു വിഭയ്ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. എന്നാല്‍ വിഭ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലഭിച്ച അറിവ് മാത്രം വെച്ചാണെന്നും അത് തെറ്റാണെന്നും ചിദംബരം പറഞ്ഞു. വിഭയുടെ പ്രായത്തില്‍ താനായിരുന്നെങ്കിലും ഇതു തന്നെ ചോദിക്കുമായിരുന്നുവെന്നും ചിദംബരം വ്യക്തമാക്കി.

സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍‌വലിക്കുകയോ പരിഷ്കരിക്കുകയോ വേണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ വിഭ തൃപ്തയായില്ല. എന്‍റെ ജോലി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നത് മാത്രമാണെന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരം നല്‍കുക എന്നല്ലെന്നും ചിദംബരം പറഞ്ഞു. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലെത്തി ജനാധിപത്യ രീതിയിലൂടെ നയങ്ങള്‍ രൂപീകരിക്കണമെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യയിലെ 77 ശതമാനം ജനങ്ങളും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനമുളളവരാണെന്ന് പറയുമ്പോഴും രാജ്യത്ത് 55 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടായത് എങ്ങനെ എന്നായിരുന്നു പിന്നീട് വിഭയ്ക്ക് അറിയേണ്ടത്. ഈ ചോദ്യത്തിനാണ് ഒരു സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ നിങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ തനിക്ക് കഴിയുമെന്നും തന്‍റെ ഓഫീസിലേക്ക് വന്ന് ഒരു കപ്പ് ചായ കുടിച്ച് നമുക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ചിദംബരം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :