നിരുപമയുടെ കൊല: ആണ്‍‌സുഹൃത്തിനെ ചോദ്യം ചെയ്യും

റാഞ്ചി| WEBDUNIA|
PRO
സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നിരുപമ പഥക് എന്ന പത്രപ്രവര്‍ത്തകയുടെ ആണ്‍‌സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യും. മരണത്തില്‍ ദുരൂഹത വര്‍ദ്ധിച്ചതോടെയാണ് ഡല്‍ഹി സ്വദേശിയായ പ്രിയഭാന്‍‌ഷുവിനെ ചോദ്യം ചെയ്യുന്നത്.

“പ്രിയഭാന്‍‌ഷുവിനെ ചോദ്യം ചെയ്യുന്നതിനായി ഞങ്ങള്‍ ഒരു ടീമിനെ ഡല്‍‌ഹിയിലേക്ക് അയയ്ക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്‍റെ സഹായത്തോടെ അയാ‍ളെ ചോദ്യം ചെയ്യാനാണ് തീരുമാനം” - കൊഡേര്‍മ എസ്പി ജി ക്രാന്തികുമാര്‍ അറിയിച്ചു. പ്രിയഭാന്‍‌ഷുവും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.

ക്രൈം ഇന്‍‌വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും ചൊവ്വാഴ്ച നിരുപമ പഥക്കിന്‍റെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഏതാനും കത്തുകളും മറ്റുചില ഡോക്യുമെന്‍റുകളും നിരുപമയുടെ മരണം സംഭവിച്ച ഏപ്രില്‍ 29ന് അവരുടെ ബന്ധുക്കള്‍ ആരോടൊക്കെ മൊബൈലില്‍ സംസാരിച്ചു എന്നതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 29നാണ് നിരുപമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു ‘അഭിമാനക്കൊലപാതകമാ’ണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരിക്കുമ്പോള്‍ നിരുപമ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

നിരുപമയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെയും സഹോദരനെയും പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയിലെ ഒരു പ്രമുഖ ദിനപ്പത്രത്തിലായിരുന്നു നിരുപമ പഥക് എന്ന 23കാരി ജോലിചെയ്തിരുന്നത്. പ്രിയഭാന്‍ഷുവുമായി നിരുപമ പ്രണയത്തിലായിരുന്നു എന്നും എന്നാല്‍ നിരുപമയുടെ വീട്ടുകാര്‍ക്ക് ആ ബന്ധം ഇഷ്ടമല്ലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ മരണം സംബന്ധിച്ച് പലതവണ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതാണ് നിരുപമയുടെ മാതാപിതാക്കള്‍ക്കും സഹോദരനും വിനയായത്.

“സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരുപമയുടെ അമ്മ സുധാദേവിയെ അറസ്റ്റുചെയ്തത്. അവര്‍ അവരുടെ മൊഴി പലവട്ടം മാറ്റിപ്പറഞ്ഞു. നിരുപമ ഷോക്കേറ്റുമരിച്ചു എന്നാണ് ആദ്യം അവര്‍ പറഞ്ഞത്. പിന്നീട്, അവരുടെ ബന്ധുക്കള്‍ നിരുപമയുടെ ഒരു ആത്മഹത്യാക്കുറിപ്പ് ഹാജരാക്കി. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചതായാണ് അവര്‍ അറിയിച്ചത്. എന്നാല്‍ നിരുപമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.” - പൊലീസ് അറിയിച്ചു.

എന്നാല്‍ നിരുപമയുടെ സഹോദരന്‍ സാം‌രേന്ദ്ര പറയുന്നത് തങ്ങള്‍ നിരപരാധിയാണെന്നും മരണത്തിനുത്തരവാദി പ്രിയഭാന്‍ഷു ആണെന്നുമാണ്. അയാളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും സാം‌രേന്ദ്ര ആവശ്യപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :