മുംബൈ ഭീകരാക്രമണം: വിധി ഇന്ന്

മുംബൈ| WEBDUNIA|
PRO
രാജ്യത്തെ ഞെട്ടിച്ച് 26/11 മുംബൈ ഭീകരാക്രമണ കേസില്‍ കോടതി ഇന്ന് വിധി പറയും. അജ്മല്‍ അമീര്‍ കസബ് അടക്കമുള്ളവരുടെ വിധി മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി എം എല്‍ താഹിലിയാനി ഇന്നു പ്രസ്‌താവിക്കും. പ്രതികളില്‍ പാക് തീവ്രവാദി അജ്മല്‍ അമിര്‍ കസബ്‌, ഇന്ത്യക്കാരായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ്‌ എന്നിവരാണു കസ്റ്റഡിയിലുള്ളത്‌. ഇവര്‍ കുറ്റക്കാരാണെന്നു വിധിച്ചാല്‍ ശിക്ഷയും ഈയാഴ്ച തന്നെ പ്രഖ്യാപിച്ചേക്കും.

വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കസബിനെ താമസിപ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലും കോടതി പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ പൊലീസ് പെട്രോളിംഗ് ഊര്‍ജ്ജിതമാക്കുകയും ബങ്കറുകള്‍ സ്ഥാപിച്ച് 24 മണിക്കൂറും ജാഗരൂകരായിരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

പാക് ഭീകരസംഘടന ലഷ്കര്‍-ഇ-തൊയ്ബയുടെ നിര്‍ദേശാനുസരണം ഫരീദ്കോട്ട്‌ സ്വദേശി കസബും കൂട്ടാളികളായ ഒന്‍പതു തീവ്രവാദികളും ചേര്‍ന്നു 167 പേരെ കൊന്നൊടുക്കുകയും 304 പേരെ പരുക്കേല്‍പിക്കുകയും ചെയ്‌തതായാണു കേസ്‌. നഗരത്തിന്‍റെ തന്ത്രപ്രധാന ഭാഗങ്ങളിലെല്ലാം ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജയിലിന് സമീപമുള്ള റോഡ് വണ്‍ വേ ആയി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അതിലൂടെ കടന്നു പോകുന്ന വാഹങ്ങളുടെയെല്ലാം നമ്പര്‍ പൊലീസ് രേഖപ്പെടുത്തുന്നുമുണ്ട്.

ഒരു വര്‍ഷം മുമ്പാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക തീവ്രവാദിയായ കസബിനെ ബുള്ളറ്റ്, ബോംബ് പ്രൂഫ് സെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. വിചാരണ നടക്കുന്ന കോടതിയും സെല്ലും തമ്മില്‍ ഒരു തുരങ്കം വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബുള്ളറ്റിനോ ബോംബ് സ്ഫോടനത്തിനോ തകര്‍ക്കാന്‍ കഴിയാത്ത വിധത്തിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

തീവ്രവാദവുമായി ബന്ധപ്പെട്ടവയില്‍ ഏറ്റവും വേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസാണിത്‌. കഴിഞ്ഞ കൊല്ലം മേയ്‌ എട്ടിന്‌ ആരംഭിച്ച വിചാരണയില്‍ 658 സാക്ഷികളെ വിസ്‌തരിച്ചു. 3,192 പേജുകളിലാണു സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :