സുപ്രിം കോടതിയില്‍ വീണ്ടും വനിതാ ജഡ്ജി

ന്യൂഡല്‍ഹി| WEBDUNIA|
PRO
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുപ്രിം കോടതിയില്‍ വീണ്ടും ഒരു വനിതാ ജഡ്ജി. രുമ പാലിനുശേഷം സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യവനിതയെന്ന ബഹുമതിയുമായി ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയാണ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. സുപ്രിം കോടതി ജഡ്ജിയാവുന്ന നാലാമത്തെ വനിതയാണ് ഗ്യാന്‍സുധ മിശ്ര (61).

ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മിശ്രയ്ക്കൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എച്ച് എല്‍ ഗോഖലെ, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അനില്‍ ആര്‍ ദാവെ എന്നിവരും സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഇതോടെ സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 30 ആയി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനാണ് പുതിയ ജഡ്ജിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തത്. ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്ന ആദ്യ വനിതയായിരുന്നു ഗ്യാന്‍സുധ മിശ്ര.

പിതാവ് ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്ന പറ്റ്ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആവാനുള്ള ഭാഗ്യവും ഗ്യാന്‍സുധ മിശ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. 14 വര്‍ഷം രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായതിനു ശേഷമാണ് ഗ്യാന്‍സുധ മിശ്ര ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :