മാധ്യമങ്ങള്‍ക്ക് താക്കീതുമായി രഞ്ജിത

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 30 ഏപ്രില്‍ 2010 (09:11 IST)
നിത്യാനന്ദയ്ക്കൊപ്പം അശ്ലീല വീഡീയോയില്‍ കാണുന്നത് താനാണെന്ന മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് താക്കീതുമായി തമിഴ് നടി രംഗത്ത് എത്തി. നിത്യാനന്ദനൊപ്പമുള്ള സ്ത്രീകളില്‍ ഒരാള്‍ രഞ്ജിതയാണെന്ന മട്ടിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍, യുട്യൂബ് എന്നീ പ്രമുഖ വെബ്സൈറ്റുകള്‍ക്ക് അവരുടെ അഭിഭാഷകര്‍ നോട്ടീസ് അയച്ചു.

രഞ്ജിതയും നിത്യാനന്ദയും ചേര്‍ന്നുള്ളത് എന്ന വ്യാജേന പ്രചരിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ മെയ് രണ്ട് ഞായറാഴ്ച അഞ്ച് മണിക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ഗൂഗിള്‍, യുട്യൂബ് എന്നീ വെബ്സൈറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം.

വീഡിയോ പ്രക്ഷേപണം ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് അതിനെതിരെ രഞ്ജിത രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നിത്യാനന്ദനൊപ്പമുള്ള സ്ത്രീ രഞ്ജിതയാണെന്ന മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങള്‍ അവരുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തി എന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. ഇത്തരം അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ഗൂഡാലോചനയുടെ ഫലമാണെന്നും ക്രിമിനല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വരെ നിയമപരമായ പോരാട്ടം നടത്തുമെന്നും നടിയുടെ നിയമോപദേശകര്‍ വ്യക്തമാക്കി.

ഒരു തമിഴ് ചാനലില്‍ സം‌പ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് നെറ്റിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പുകള്‍ ഇന്ത്യയില്‍ നിലവിലുള്ള പല നിയമങ്ങളുടെയും ലംഘനമാണ്. ഗൂഡാലോചനയുടെ ഫലമായുള്ള പ്രചരണം തങ്ങളുടെ കക്ഷിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നും അവരുടെ ബഹുമാന്യതയും സമ്പാദ്യവും അകാരണമായി നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും രഞ്ജിതയുടെ അഭിഭാഷകര്‍ക്ക് വേണ്ടി ന്യൂഡല്‍ഹിയിലെ ‘പി‌എം ലോ ചേമ്പേഴ്സ്’ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിനു കീഴിലും ഐടി നിയമത്തിനു കീഴിലും ഉള്ള വിവിധ വകുപ്പുകളില്‍ നടപടി സ്വീകരിക്കുമെന്നും രഞ്ജിതയുടെ അഭിഭാഷകര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :