സ്പെക്ട്രം: രാജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി| WEBDUNIA|
PTI
സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയനായ ടെലികോം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹളം സൃഷ്ടിച്ചു. 2008 ല്‍ 3 ജി സ്പെക്ട്രം അനുവദിച്ചതില്‍ ഒരു വനിതാ കോര്‍പ്പറേറ്റ് ഇടനില നിന്നു എന്ന പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എഐ‌ഡി‌എംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇരു സഭകളിലും ബഹളമുണ്ടാക്കിയത്.

സഭാ നടപടികള്‍ തടസ്സപ്പെടുന്നത് കണ്ട് അസ്വസ്ഥനായ പ്രണാബ് മുഖര്‍ജി ധനബില്ല് പാസാക്കിയ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് ലോക്സഭയെ അറിയിച്ചു എങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. പത്ത് അംഗങ്ങള്‍ മാത്രമുള്ള എ‌ഐ‌ഡി‌എംകെ 543 അംഗ സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ജുഗുപ്സാവഹമാണെന്നും പ്രണാബ് പറഞ്ഞു.

സഭാ നടപടികള്‍ തുടങ്ങിയ ഉടന്‍ തന്നെ എ‌ഐ‌ഡി‌എംകെയും ഇടതുപക്ഷവും ചേര്‍ന്ന് ലോക്സഭയില്‍ ബഹളം തുടങ്ങിയിരുന്നു. രാജ്യസഭയില്‍ ഇതേ കാരണമുന്നയിച്ച് ബഹളം തുടങ്ങിയ എ‌ഐ‌ഡി‌എംകെയ്ക്ക് ബിജെപി പിന്തുണ നല്‍കി.

ബഹളം നടക്കുമ്പോള്‍ ആരോപണ വിധേയനായ രാജ സഭയില്‍ ഉണ്ടായിരുന്നില്ല. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വാദിക്കാന്‍ ഡിം‌എം‌കെ അംഗം ടി ആര്‍ ബാലുവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു.

2008 ജനുവരിയില്‍ നല്‍കിയ ഒമ്പത് പുതിയ ലൈസന്‍സുകളില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 1,658 കോടി രൂപയ്ക്ക് ഇഷ്ടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായാണ് ആരൊപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :