ഞാന്‍ രാജസ്ഥാന്‍റെ അംബാസഡര്‍ മാത്രം: ശില്‍പ്പ

ന്യൂഡല്‍ഹി| WEBDUNIA|
IFM
താന്‍ ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ മാത്രമാണെന്ന് ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടി. പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍ രാജസ്ഥാന്‍ ടീമിനെപ്പറ്റി ഉയര്‍ത്തിയ ചില ചോദ്യങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ശില്‍പ്പ.

ശില്‍‌പ്പയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പേരുകള്‍ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നായിരുന്നു ശശാങ്കിന്‍റെ വെളിപ്പെടുത്തല്‍.

“രാജ് കുന്ദ്രയും ഞാനും രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഉടമകളെല്ലന്ന വാര്‍ത്തയാണ് ടി വിയില്‍ നിന്ന് കേട്ടത്. ഞാന്‍ ഈ ടീമിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ്. രാജ് കുന്ദ്രയാണ് ഓഹരിയുടമ. ഇതാണ് സത്യം” - ട്വീറ്റിലൂടെ ശില്‍‌പ്പ വ്യക്തമാക്കുന്നു.

രാജസ്ഥാന്‍ ടീമിന്‍റെ ഒരു ഓഹരിയുടമ ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിയാണ് എന്ന ആരോപണമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഈ ആരോപണത്തിന്‍‌മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. അതിനു പിന്നാലെയാണ് ശില്‍പ്പയും രാജ് കുന്ദ്രയും രാജസ്ഥാന്‍ ടീമിന്‍റെ യഥാര്‍ത്ഥ ഉടമകളാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന ശശാങ്ക് മനോഹറിന്‍റെ വെളിപ്പെടുത്തല്‍.

“ടീമുകളുടെ ഓഹരിയുടമകള്‍ ആരൊക്കെയാണെന്ന് ഈ ലോകത്തിന് മുഴുവന്‍ അറിയാമെന്നാണ് ലളിത് മോഡി ഒരു പ്രസ്താവന നടത്തിയത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഉടമകളാരെന്ന് ഗവേര്‍ണിംഗ് കൌണ്‍സില്‍ അംഗങ്ങള്‍ക്കു പോലും അറിയില്ല. ശില്‍‌പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരുകള്‍ ഓഹരിയുടമകളുടെ പട്ടികയില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല” - എന്നായിരുന്നു ശശാങ്ക് മനോഹര്‍ പറഞ്ഞത്.

ഇതിന് ശില്‍‌പ്പ മറുപടി നല്‍കിയെങ്കിലും ഈ വിവാദം ഇതുകൊണ്ടവസാനിക്കുമെന്ന് കരുതാനാവില്ല. ഐ പി എല്‍ എന്ന കുടത്തില്‍ നിന്ന് പ്രതിദിനം ഭൂതങ്ങളൊന്നൊന്നായി പുറത്തുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :