ഐപി‌എല്‍ വിവാദം എയര്‍ ഇന്ത്യ നിഷേധിച്ചു

മുംബൈ:| WEBDUNIA|
PRO
വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ക്കും ഐപി‌എല്‍ കളിക്കാര്‍ക്കും ചണ്ഡീഗഡില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ വേണ്ടി ഷെഡ്യൂള്‍ ചെയ്ത യാത്രാ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി ഉപയോഗിച്ചു എന്ന ആരോപണം എയര്‍ ഇന്ത്യ അധികൃതര്‍ നിഷേധിച്ചു.

പ്രഫുല്‍ പട്ടേലിന്റെ മകളും ഐപി‌എല്‍ ഹോസ്പിറ്റാലിറ്റി മാനേജറുമായ പൂര്‍ണ പട്ടേലിനും ഐപില്‍ കളിക്കാര്‍ക്കും യാത്ര ചെയ്യുന്നതിനായി എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ ചെയ്ത സര്‍വീസ് നിര്‍ത്തിവച്ചു എന്ന് ഒരു ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 20 ന് ഡല്‍ഹി-കോയമ്പത്തൂര്‍ സര്‍വീസ് പുറപ്പെടുന്നതിനു 12 മണിക്കൂറിനു മുമ്പാണ് റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 19 ന് പൂര്‍ണ എയര്‍ ഇന്ത്യ ഓഫീസിലേക്ക് വിളിച്ച് വിമാനം ആവശ്യപ്പെടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപി‌എല്ലില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിനുള്ള വാടക ലഭിച്ചു എങ്കിലും വിമാനം അനുവദിച്ച് മന്ത്രി പുത്രിയെ സന്തോഷിപ്പിക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് നിയമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് ആരോപണം.

വ്യോമയാന നിയമമനുസരിച്ച് യാത്രാവിമാ‍നങ്ങള്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസിന് ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ഉപയോഗിക്കേണ്ട അവസരം വന്നാല്‍ പകരം മറ്റൊരു യാത്രാവിമാനം സര്‍വീസ് നടത്തണം. ഇവിടെ കോയമ്പത്തൂരിലേക്ക് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് മുംബൈ വഴിയുള്ള വിമാനത്തിലാണ് യാത്ര ചെയ്യാന്‍ അവസരമൊരുക്കിയത്. യാത്രക്കാര്‍ക്ക് ഇതു വഴി കൂടുതല്‍ മണിക്കൂറുകള്‍ യാത്രയ്ക്കായി ചെലവിടേണ്ടി വന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :