ജസീക്കലാല്‍: മനുശര്‍മ്മയുടെ ജീവപര്യന്തം ശരിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവാദമായ ജസീക്കലാല്‍ കൊലക്കേസില്‍ മുഖ്യപ്രതി മനു ശര്‍മ്മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ നല്‍കിയത് സുപ്രീംകോടതി തിങ്കളാഴ്ച ശരിവച്ചു. മോഡലും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ജസീക്കയെ വെടിവച്ചു കൊന്ന കേസില്‍ മനു ശര്‍മ്മയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.

199 ഏപ്രില്‍ 29 ന് ദക്ഷിണ ഡല്‍ഹിയിലെ തമരിന്ദ് കോര്‍ട്ട് കഫേ റെസ്റ്റോറന്റില്‍ വച്ചായിരുന്നു ജസീക്കയുടെ കൊലപാതകം നടന്നത്. മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മനു ശര്‍മ്മ അവരെ വെടിവച്ചു കൊല്ലുകയായിരുന്നു. കൃത്യം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിധി വന്നിരിക്കുന്നത്.

കേസ് ആദ്യം പരിഗണിച്ച വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടിരുന്നു. എന്നാല്‍, കേസിന് വന്‍ മാധ്യമ ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി കേസ് സ്വമേധയാ ഏറ്റെടുക്കുകയും മനു ശര്‍മ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുകയുമായിരുന്നു. 2006 ഡിസംബര്‍ 18 ന് ആയിരുന്നു ഹൈക്കോടതി വിധി.

ഹൈക്കോടതി വിധിക്കെതിരെ മനു ശര്‍മ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ അമര്‍ജിത് സിംഗ്, വികാസ് യാദവ് എന്നിവര്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മ്മയുടെ പുത്രനാണ് മനു ശര്‍മ്മ. യു പിയിലെ രാഷ്ട്രീയ നേതാവായ ഡ് പി യാദവിന്റെ പുത്രനാണ് വികാസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :