ഇന്ത്യന്‍ ക്രയോജനിക് സ്വപ്നത്തിന് തിരിച്ചടി

ശ്രീഹരിക്കോട്ട| WEBDUNIA|
ഏപ്രില്‍ 15, 2010. സമയം വൈകിട്ട് 4 മണികഴിഞ്ഞ് 27 മിനിറ്റ്. വെല്ലുവിളി ഏറ്റെടുത്തു എന്നോണം ആപരീക്ഷണം നടത്തി. എന്നാല്‍, 493 സെക്കന്‍ഡ് ഫ്ലൈറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയുടെ തദ്ദേശീയ അതിശീതീകൃത എഞ്ചിന്‍ ഘടിപ്പിച്ച ജി‌എസ്‌എല്‍‌വി ഡി-3 റോക്കറ്റിന്റെ സഞ്ചാര പഥത്തില്‍ നേരിയ വ്യതിയാനമുണ്ടായതാണ് ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് താല്‍ക്കാലിക തിരിച്ചടിയായത്.

ഇന്ത്യയുടെ തദ്ദേശീയ അതിശീതീകൃത എഞ്ചിന്‍ ഘടിപ്പിച്ച ജി‌എസ്‌എല്‍‌വി ഡി-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ആകാശ ലക്‍ഷ്യം തേടി കുതിച്ചുയര്‍ന്നത്. ആദ്യഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി വേര്‍പെട്ടപ്പോഴും ശാസ്ത്രജ്ഞരുടെ ആകാംഷയ്ക്ക് അറുതിയായിരുന്നില്ല. ആദ്യ ഘട്ടങ്ങളില്‍ ഖര ഇന്ധനവും ദ്രവ ഇന്ധനവുമാണ് ഉപയോഗിച്ചിരുന്നത്.

സ്വന്തമായി അതിശീതീകൃത എഞ്ചിന്‍ വികസിപ്പിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്നത്തെ പരീക്ഷണം വിജമായിരുന്നെങ്കില്‍ ഇന്ത്യയും ക്രയോജനിക് ക്ലബ്ബില്‍ അംഗത്വം നേടുമായിരുന്നു.

ജിസാറ്റ്-4 എന്ന ഉപഗ്രഹമാണ് ജി‌എസ്‌എല്‍‌വി‌-ഡി3യില്‍ ഉണ്ടായിരുന്ന ഏക പേ ലോഡ്. പേ ലോഡിന്റെ ഭാരം 2 ടണ്ണില്‍ കൂടുതല്‍ (2,220 കിലോഗ്രാം) ആണ്. പരീക്ഷണം വിജയമാണെങ്കില്‍ അഞ്ച് ടണ്‍ വരെയുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തം നിലയിലും വ്യാവസായിക അടിസ്ഥാനത്തിലും വിക്ഷേപിക്കാനും സാധിക്കുമായിരുന്നു.

1992 ല്‍ റഷ്യയില്‍ നിന്ന് ക്രയോജനിക് സങ്കേതികത സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍, സാങ്കേതിക വിദ്യാ കൈമാറ്റം നടത്തുന്നതിനെതിരെ അമേരിക്ക രംഗത്ത് എത്തി. തുടര്‍ന്ന്, ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യ 18 വര്‍ഷം നടത്തിയ പരിശ്രമമാണ് ഇന്ന് പൂവണിയാതെ പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :