വിവാദം കെട്ടിച്ചമച്ചത്: അമിതാഭ്

മുംബൈ| WEBDUNIA|
PRO
ബാന്ദ്ര-വര്‍ളി കടല്‍പ്പാതയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം കെട്ടിച്ചമച്ചതാണെന്ന് ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന്‍. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ പറയുന്നു.

കടല്‍പ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞതുമുതല്‍ മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടരുകയാണ് എന്ന് ബച്ചന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. അനന്തമായ എസ്‌എം‌എസുകളാണ് തന്നെ തേടി വരുന്നത് എന്ന് പറയുന്ന ബച്ചന്‍ താന്‍ അര്‍ഷദിന്റെ പുതിയ ചിത്രമായ ‘ഹം തും ഔര്‍ ഗോസ്റ്റ്’ ന്റെ പ്രത്യേക ഷോ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ പോലും ടിവി ചാനലുകള്‍ വെറുതെ വിട്ടില്ല എന്ന പരാതിയും ഉന്നയിക്കുന്നു.

വിവാദത്തെ കുറിച്ച് മറ്റൊരു അവസരത്തില്‍ മറ്റൊരു വേദിയില്‍ പറയുമെന്നും ബച്ചന്‍ പറയുന്നുണ്ട്. തന്നെ ഒരു മന്ത്രി ക്ഷണിച്ചതിനാലാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിരിക്കുന്നു.

കോണ്‍ഗ്രസുമായി നല്ല ബന്ധത്തില്‍ അല്ലാത്ത ബച്ചനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിലും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ബച്ചനുമൊരുമിച്ച് വേദി പങ്കിട്ടതും മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ബച്ചന്റെ പേര് ക്ഷണിതാക്കളുടെ പട്ടികയില്‍ ഇല്ലായിരുന്നതു കാരണമാണ് ഉദ്ഘാടനത്തിനു പോയതെന്ന് ചവാന്‍ വിശദീകരണവും നല്‍കി.

അതേസമയം, എന്‍സിപി നയിക്കുന്ന പൊതുമരാമത്തു വകുപ്പും മഹാരാഷ്ട്ര വികസന കോര്‍പ്പറേഷനും ബച്ചനെ ക്ഷണിച്ചതിനെ ന്യായീകരിച്ചു. സച്ചിനെ പോലെ ബച്ചനും വിശിഷ്ട വ്യക്തിത്വമായതിനാല്‍ ഇത്തരമൊരു ചടങ്ങില്‍ ക്ഷണിച്ചതില്‍ തെറ്റില്ല എന്നാണ് എന്‍സിപിയുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :