ഇന്ത്യയ്ക്കും പാകിസ്ഥാനും അബദ്ധ പരസ്യങ്ങളുടെ കാര്യത്തിലെങ്കിലും ഒരേ മനസ്സാണ്. ഇന്ത്യയിലെ പഞ്ചാബ് പൊലീസിന്റെ ചിഹ്നം പാകിസ്ഥാന്‍ സര്‍ക്കാര്‍ പരസ്യത്തില്‍ ഉപയോഗിച്ചു എങ്കില്‍ ഇതാ ഇന്ത്യന്‍ റയില്‍വെയുടെ പരസ്യത്തില്‍ ന്യൂഡല്‍ഹി പാകിസ്ഥാനിലും കൊല്‍ക്കത്ത ബംഗാള്‍ ഉള്‍ക്കടലിലുമാണ്!
കൊല്‍ക്കത്തയില്‍ നിന്ന് നളന്ദ വരെയുള്ള മഹാരാജാസ് എക്സ്പ്രസിന്റെ ഉദ്ഘാടന പരസ്യത്തിലാണ് ഈ ഗുരുതരമായ തെറ്റ് കടന്നുവന്നിരിക്കുന്നത്. പ്രധാന പത്രങ്ങളിലെല്ലാം ഇടം പിടിച്ച പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈസ്റ്റേണ്‍ റയില്‍വെയാണ്. കൊല്‍ക്കത്തയില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് റയില്‍വെ മന്ത്രി മമതാ ബാനര്‍ജിയാണ് പുതിയ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
കൊല്‍ക്കത്തയും ഗയയും ബംഗാള്‍ ഉള്‍ക്കടലിലും വാരണാസി ഒറീസയിലും ഗ്വാളിയോര്‍ മഹാരാഷ്ട്രയിലും ഡല്‍ഹി പാകിസ്ഥാനിലുമായാണ് പരസ്യത്തിലെ ഭൂപടത്തില്‍ അച്ചടിച്ചിരിക്കുന്നത്. എന്നാല്‍, പരസ്യത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല എന്ന് റയില്‍വെ അധികൃതര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട പരസ്യ ഏജന്‍സിയാണ് അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും അധികൃതര്‍ വാദിക്കുന്നു.
എന്തായാലും, കൊല്‍ക്കത്ത ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയെ റയില്‍വെ കരിമ്പട്ടികയില്‍ പെടുത്തിക്കഴിഞ്ഞു.
ജനുവരിയില്‍ ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും കപില്‍ദേവിനും ഒപ്പം പാകിസ്ഥാന്‍ മുന്‍ വ്യോമസേന മേധാവി തന്‍വീര്‍ അഹമ്മദിന്റെ ചിത്രം വന്നത് വിവാദത്തിനു കാരണമായിരുന്നു. പാകിസ്ഥാന്‍ പൊലീസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു പരസ്യത്തില്‍ ഇന്ത്യയിലെ പഞ്ചാബ് പൊലീസിന്റെ ചിഹ്നം ഉപയോഗിച്ചതും വിവാദമായിരുന്നു.