ന്യൂഡല്‍ഹി, വെള്ളി, 19 മാര്‍ച്ച് 2010( 13:35 IST )
ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ളവരുടെ രാജ്യം ഏത്? 2030 ല്‍ ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യ എന്നായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറയുന്നു.
സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ എത്തിക്കുമെന്നും 2030 ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ളവരുടെ നാട് എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി’(ഐസിടി) ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഐസിടി മിഷന്‍ സര്‍ക്കാരിന്റെ പ്രധാന ലക്‍ഷ്യങ്ങളിലൊന്നാണ്. ഓരോ സ്കൂളിനും ഓരോ കമ്പ്യൂട്ടര്‍ അധ്യാപരെ നല്‍കി ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുമെന്നും സിബല്‍ പറഞ്ഞു.
ഐസിടി മിഷനിലൂടെ ഗ്രാമീണ മേഖലയിലെയും രാജ്യത്തെ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരെയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ സാധിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസ മേഖലയില്‍ ഐസിടി മിഷന് വളരെയധികം പ്രാധാന്യമുണ്ടെന്നും സിബല്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയും വിദ്യാഭ്യാസ മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യും. അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിലൂടെ അവരുടെ അഭാവം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.