മുംബൈയില്‍ ചാവേറുകള്‍ വിഐപി വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിയമസഭയുടെ പരിസരത്തേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നത് നിരോധിച്ചു. മുഖ്യമന്ത്രിയുടെ വാഹനം ഉള്‍പ്പെടെയുള്ള വിഐപികളുടെ വാഹനങ്ങള്‍ക്ക് പോലും പ്രധാന ഗേറ്റ് കടക്കാന്‍ അനുമതിയില്ല.
ഭീകരര്‍ വിഐപി വാഹനങ്ങളോ മറ്റ് വാഹനങ്ങളോ ഉപയോഗിച്ച് നിയമസഭ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. മാര്‍ച്ച് 22 വരെ ഭീകരാക്രമണ സാധ്യതയുണ്ട് എന്നും പാട്ടീല്‍ വെളിപ്പെടുത്തി.
ഒഎന്‍ജിസി, ബിപിസിഎല്‍, നിയമസഭ, വിദേശ എംബസികള്‍ എന്നിവയ്ക്കെല്ലാം ആക്രമണ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ മാരിയറ്റ് ഹോട്ടലില്‍ നടന്നതിനു സമാനമായ ആക്രമണമാണ് ഭീകരര്‍ ലക്‍ഷ്യമിടുന്നത് എന്നാണ് സൂചന. നഗരത്തില്‍ ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.