തിങ്കളാഴ്ച ലക്നോയില്‍ നടന്ന ബിഎസ്പി മഹാറാലി അലങ്കോലപ്പെടുത്താന്‍ എതിരാളികള്‍ തേനീച്ചക്കൂട് ഇളക്കിവിട്ടു എന്ന് ബിഎസ്പി. ഇതിനെതിരെ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി.
രമാബായി അംബേദ്കര്‍ ഗ്രൌണ്ടില്‍ യുപി മുഖ്യമന്ത്രി മായാവതി ബിഎസ്പി മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു തേനീച്ചകൂട്ടം ഇളകിയെത്തിയത്. അപായമുണ്ടാക്കാനായി അജ്ഞാതര്‍ തീ കത്തിച്ചു എന്നതാണ് കേസ്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ആളുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ലക്നോ ഡിഐജി രാജീവ് കൃഷ്ണയ്ക്ക് ആണ് അന്വേഷണ ചുമതല.
റാലിയിലേക്ക് തേനീച്ചകളെ ഇളക്കിവിട്ട് തിക്കും തിരക്കും സൃഷ്ടിച്ച് ജനക്കൂട്ടത്തില്‍ പരിഭ്രാന്തി പരത്താനും അതുവഴി റാലി അലങ്കോലപ്പെടുത്താനും എതിരാളികള്‍ നടത്തിയ ശ്രമമായിരുന്നു തേനീച്ച ആക്രമണമെന്ന് മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റാലി തടസ്സപ്പെടുത്താനായി ചിലര്‍ മന:പൂര്‍വം തീകത്തിച്ച് തേനീച്ചക്കൂട്ടത്തെ ഇളക്കിവിടുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് പൊലീസും വെളിപ്പെടുത്തുന്നു. സാധാരണ കാടുകളില്‍ കാണാറുള്ളത്ര വലിപ്പമുള്ള തേനീച്ചകളാണ് റാലിയിലേക്ക് പറന്നു കയറിയതെന്ന് വിദഗ്ധര്‍ പറയുന്നു.