ന്യൂഡല്‍ഹി, ബുധന്‍, 17 മാര്‍ച്ച് 2010( 17:32 IST )
പത്താം ക്ലാസ് പരീക്ഷ നിര്‍ബന്ധമല്ലാതാക്കിയതിനു പിന്നാലെ പുതിയ അന്താരാഷ്ട്ര സിലബസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഎസ്‌ഇ. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പുതിയ സിലബസ്.
പുതിയ സിലബസ് നടപ്പിലാവുന്നതോടെ ഏതു രാജ്യത്തെ ഏതു സ്കൂളിനും സിബിഎസ്‌ഇ അഫിലിയേറ്റ് ആകാന്‍ കഴിയും. പുതിയ സിലബസില്‍ ആഗോളപരമായ സമീപനം സ്വീകരിക്കുന്നത് അന്താരാഷ്ട്ര സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേപോലെ സൌകര്യപ്രദമായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇന്ത്യന്‍ സിലബസില്‍ മാറ്റമൊന്നും ഉണ്ടായിരിക്കില്ല.
അടുത്ത അധ്യയനവര്‍ഷം മുതലായിരിക്കും പുതിയ സിലബസ് പ്രാബല്യത്തിലാക്കുക എന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സിലബസ് തയ്യാറാവും. എന്നാല്‍, ആദ്യവര്‍ഷം ഒന്നിലും ഒമ്പതിലും മാത്രമായിരിക്കും പുതിയ പാഠ്യക്രമം. പിന്നീട്, ഓരോ വര്‍ഷവും കൂടുതല്‍ ക്ലാസുകളില്‍ പുതിയ പാഠ്യക്രമം നടപ്പിലാക്കും.