യുപി മുഖ്യമന്ത്രി മായാവതിക്ക് വീണ്ടുമൊരു നോട്ടുമാല! തിങ്കളാഴ്ച അഞ്ച് കോടിയുടെ നോട്ടുമാലയാണ് മായാവതിക്ക് ഇട്ടതെന്ന ആരോപണം നിലനില്‍ക്കെ, ബുധനാഴ്ച ബിഎസ്പി അധ്യക്ഷയെ അണിയിച്ചത് 18 ലക്ഷം രൂപയുടെ നോട്ടുമാലയാണെന്ന് പാര്‍ട്ടി നേതാവ് നസീമുദ്ദീന്‍ സിദ്ധിഖി വെളിപ്പെടുത്തുന്നു.
നോട്ടുമാല വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ യോഗത്തിനു ശേഷമാണ് മായാവതിയെ വീണ്ടും നോട്ടുമാല അണിയിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്. രണ്ടാം നോട്ടുമാല വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി ആണെന്ന് മായയുടെ വിശ്വസ്തനായ പൊതുമരാമത്ത് മന്ത്രി സിദ്ധിഖി മാധ്യമങ്ങളോട് പറഞ്ഞു.
യുപിയിലെ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ചാണ് നോട്ടുമാല ഉണ്ടാക്കിയത്. ഇതിലേക്ക് ഓരോ ലക്ഷം രൂപ വീതം 18 യൂണിറ്റുകള്‍ സംഭാവന നല്‍കി എന്നും ആദ്യ നോട്ടുമാലയ്ക്ക് മാധ്യമങ്ങള്‍ നല്‍കിയ അമിതപ്രാധാന്യം പാര്‍ട്ടിക്ക് പ്രയോജനം നല്‍കി എന്നും സിദ്ധിഖി അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച നല്‍കിയ നോട്ടുമാല അഞ്ച് കോടി രൂപയ്ക്കുള്ള ആയിരം രൂപാ നോട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ബിഎസ്പി വരുമാനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട് എന്നും നോട്ടുമാല വെറും 21 ലക്ഷം രൂപയുടേത് ആയിരുന്നു എന്നും സിദ്ധിഖി വിശദീകരിച്ചിരുന്നു.