ന്യൂഡല്‍ഹി, ബുധന്‍, 17 മാര്‍ച്ച് 2010( 14:47 IST )
തനിക്കെതിരെ രോഹിത് ശേഖര്‍ എന്ന യുവാവ് നല്‍കിയ പിതൃത്വ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണര്‍ എന്‍ ഡി തിവാരി നല്‍കിയ പരാതി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച തള്ളി. കേസില്‍ അടുത്ത വാദം ഏപ്രില്‍ ഏഴിന് കേള്‍ക്കും.
ജസ്റ്റിസുമാറ്റായ വിക്രംജിത് സെന്‍, മന്‍മോഹന്‍ സിംഗ് എന്നിവരടങ്ങുന്ന ബഞ്ചാണ് തിവാരിയുടെ ഹര്‍ജി തള്ളിയത്. ജനിച്ച് 31 വര്‍ഷത്തിനു ശേഷം നല്‍കിയ ഹര്‍ജി പരിഗണിക്കരുത് എന്നായിരുന്നു 84 കാരനായ തിവാരിയുടെ വാദം. നേരത്തെ, ഡല്‍ഹി ഹൈക്കൊടതി സിംഗിള്‍ ബഞ്ച് രോഹിതിന്റെ പരാതി നിലനില്‍ക്കില്ല എന്ന് വിധിച്ചതിനെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
രോഹിതിന്റെ മാതാവ് ഉജ്ജ്വല ശര്‍മ്മയും രോഹിതിന്റെ പിതാവ് തിവാരിയാണെന്ന് കോടതിയില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റ് അംഗമായിരുന്ന തന്റെ പിതാവിനെക്കാണാന്‍ തിവാരി അടിക്കടി വീട്ടില്‍ വരാറുണ്ടായിരുന്നു എന്നും അങ്ങനെയാണ് അടുപ്പത്തിലായതെന്നും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഉജ്ജ്വല ശര്‍മ്മ അന്ന് വെളിപ്പെടുത്തിയിരുന്നു.
പാര്‍ലമെന്റ് അംഗമായ ശേഷം തിവാരി തന്നില്‍ നിന്ന് അകലുകയായിരുന്നു. പക്ഷേ, 1993 ല്‍ ഭാര്യയുടെ മരണ ശേഷം രോഹിതിനെ മകനായി അംഗീകരിക്കാമെന്ന് തിവാരി പറഞ്ഞിരുന്നു. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയ ശേഷം തിവാരി തന്നോട് സംസാരിച്ചിട്ടില്ലെന്നും ഉജ്ജ്വല കേസ് നടക്കുന്ന അവസരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്ഭവനില്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന തിവാരുടെ വീഡിയോ ഒരു ആന്ധ്രപ്രദേശ് പ്രാദേശിക ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തിവാരിക്ക് രാജി നല്‍കേണ്ടി വന്നത്.