‘അങ്കിള്‍’ ചിന്താകുഴപ്പം സൃഷ്ടിക്കുകയാണ്. 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതിയായ ബഷീര്‍ ഖാനാണ് കഴിഞ്ഞ ദിവസം പിടിയിലായ തീവ്രവാദികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന ‘അങ്കിള്‍’ എന്നാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന(എ ടി എസ്) ഇപ്പോള്‍ സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും സ്ഥിരീകരണം നല്‍കാറായിട്ടില്ലെന്നുമാണ് എ ടി എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് റിയാസ് അലി, അബ്ദുള്‍ ലത്തീഫ് എന്നീ തീവ്രവാദികളെ മുംബൈ മാട്ടുംഗ റയില്‍വെ സ്റ്റേഷനു സമീപത്തു നിന്ന് എ ടി എസ് അറസ്റ്റു ചെയ്തത്. മുംബൈയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് എത്തിയതായിരുന്നു ഇവര്‍. പാകിസ്ഥാനില്‍ നിന്ന് ‘അങ്കിള്‍’ എന്ന് പരിചയപ്പെടുത്തുന്ന ഒരാളാണ് തങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്ന് റിയാസ് അലിയും അബ്ദുള്‍ ലത്തീഫും എ ടി എസിനോടു പറഞ്ഞിരുന്നു.
1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതിയായ ബഷീര്‍ ഖാനാണ് ഈ ‘അങ്കിള്‍’ എന്നാണ് എ ടി എസ് സംശയിക്കുന്നത്. ടൈഗര്‍ മേമന്‍റെ അനുചരനായ ബഷീര്‍ ഖാനാണ് മുംബൈ സ്ഫോടനത്തിനായി സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്.
"1993ലെ മുംബൈ സ്ഫോടനത്തിന് ശേഷം ബഷീര്‍ ഖാന്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. അയാള്‍ തന്നെയാണോ ഈ അങ്കിള്‍ എന്ന കാര്യം ഉറപ്പായിട്ടില്ല. എന്നാല്‍ രണ്ടും ഒരാളായിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.” - ഒരു എ ടി എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.