എല്ലാ ശനിയാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉത്തരവിറക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. അതാരും പാലിച്ചില്ല എന്നതു പോകട്ടെ. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ഇതുപോലെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. ഇനി മുതല്‍ കേന്ദ്രമന്ത്രിമാരും എം പിമാരും പാര്‍ലമെന്‍റില്‍ ഖാദി ധരിക്കണം.
ചെറുകിട വ്യവസായമന്ത്രി ദിന്‍ഷ പട്ടേലാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. “മന്ത്രിമാരും എം പിമാരും പാര്‍ലമെന്‍റില്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കണം. ഇനി അഥവാ ഖാദി വസ്ത്രം ധരിച്ചില്ലെങ്കില്‍ ഒരു ഖദര്‍ തൂവാലയെങ്കിലും കൈയ്യില്‍ കരുതണം” - ഖാദി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രിയുടെ ഈ അഭ്യര്‍ത്ഥന.
ഖാദി ഉത്പന്നങ്ങളുടെ പ്രചരണത്തിനും ആ മേഖലയുടെ വികസനത്തിനും പരിഷ്കരണത്തിനുമായി സര്‍ക്കാര്‍ ഒരു പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ദിന്‍ഷ പട്ടേല്‍ അറിയിച്ചു. എന്തായാലും ഇനി മാധ്യമക്കണ്ണുകള്‍ പാര്‍ലമെന്‍റില്‍ കൂടുതല്‍ തുറന്നുപിടിക്കും. ആരൊക്കെ ഖാദി ധരിക്കാതെ വരുന്നു എന്നു കണ്ടു പിടിക്കണമല്ലോ. അതിലും ഭേദം ഖാദി ധരിച്ചു വരുന്നവരുടെ എണ്ണം കണ്ടെത്തുന്നതാകുമെന്ന് ചില എം പിമാര്‍ തന്നെ പറയുന്നു.